ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം സ്റ്റേഷൻ പദവി; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം സ്റ്റേഷൻ പദവി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ; മന്ത്രിയുടെ നിലപാട് മാറിയതിൻ്റെ കാരണം വ്യക്തമല്ലെന്നും അസോസിയേഷൻ

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ജില്ലയിലെ രണ്ടാം സ്റ്റേഷൻ എന്ന തലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര മന്ത്രിയും എം പിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ നിർമ്മാണം പൂർത്തിയാകുന്ന കോടതി സമുച്ചയം സന്ദർശിച്ചതിന് ശേഷം കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയോട് വിയോജിപ്പുമായി അസോസിയേഷൻ രംഗത്ത് വന്നു. രണ്ടാം സ്റ്റേഷൻ വാദത്തോട് യോജിപ്പില്ലെന്നാണ് കേന്ദ്ര മന്ത്രി ഇന്നലെ സൂചിപ്പിച്ചത്. എന്നാൽ പൊറത്തിശ്ശേരിയിൽ നടന്ന കലുങ്ക് സദസ്സിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ജില്ലയിലെ രണ്ടാം സ്റ്റേഷൻ ആയി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. രണ്ടാം സ്റ്റേഷൻ പദവി അനിവാര്യമാണെന്നും സ്റ്റേഷൻ്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുന്നവയടക്കമുള്ള കാര്യങ്ങൾ പ്രധാനമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അഞ്ച് മണ്ഡലങ്ങളിലെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ്റെ വരുമാനം എഴ് കോടിയായി ഉയർന്ന് കഴിഞ്ഞു. പാർക്കിംഗ് മാത്രം ലേലത്തിന് പോയിരിക്കുന്നത് ഒരു കോടി രൂപയ്ക്കാണ് . കടലോരം തൊട്ട് മലയോരം വരെയുള്ള വലിയ ഭൂപ്രദേശത്തെയാണ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്രതിനിധീകരിക്കുന്നത്. രണ്ടാം സ്റ്റേഷൻ പദവിക്ക് വേണ്ടി അനിവാര്യമെങ്കിൽ സമരമാർഗ്ഗത്തിലേക്ക് കടക്കുമെന്നും അസോസിയേഷൻ പ്രതിനിധികൾ സൂചിപ്പിച്ച് കഴിഞ്ഞു. കേന്ദ്രമന്ത്രിയുടെ നിലപാട് മാറിയതിൻ്റെ കാരണം വ്യക്തമല്ല. മന്ത്രിയുടെ പ്രസ്താവനയിലുള്ള വിയോജിപ്പ് അസോസിയേഷൻ പ്രതിനിധികൾ ബിജെപി പ്രാദേശിക നേതാക്കളെ കണ്ട് രേഖപ്പെടുത്തി കഴിഞ്ഞുവെന്നാണ് സൂചന.

Please follow and like us: