ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ 6 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള ഒപി – ഐപി – ഓപ്പറേഷൻ തിയേറ്റർ കെട്ടിടം നവംബർ 6 ന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു കോടി രൂപയും, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ട് കോടി രൂപയും അനുവദിച്ച് രണ്ടു ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതാണ് ഒ.പി, ഐ.പി കം ഓപ്പറേഷൻ തിയേറ്റർ കെട്ടിടമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു.
ബേസ്മെൻ്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഒന്നുമുതല്‍ നാല് വരെയുള്ള നിലകൾ എന്നിങ്ങനെ ആറ് നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ബേസ്മെൻ്റ് ഫ്ലോറിൽ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്ലോറിൽ ഒ പി, ഫാർമസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയിൽ വാർഡുകളുമാണ് വിഭാവനം ചെയ്തിരുന്നത്. രണ്ടാം ഘട്ടത്തിൽ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
നാലാം നിലയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കേന്ദ്രീകൃത ലാബിനുള്ള സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ സെപ്ഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾക്കുള്ള സൗകര്യങ്ങൾകൂടി പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ഉൾപ്പെടെയുള്ള സിവില്‍ ഇൻഫ്രാസ്ട്രക്ച്ചർ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവർത്തനക്ഷമമായിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ പൂർണ്ണതോതിൽ കാഷ്വാലിറ്റി/ഒ .പി./വാർഡുകൾ എന്നീ വിഭാഗങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് , ലേ സെക്രട്ടറി വി പി പ്രഭ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















