സംസ്ഥാനതല ഓട്ടിസ ദിനാചരണം ഇരിങ്ങാലക്കുടയിൽ; റൺഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട : ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ടൗൺഹാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബി ആര് സി, പ്രതീക്ഷ ഭവൻ, നിപ്മർ സ്പെഷ്യൽ സ്കൂൾ തുടങ്ങിയ സ്കൂളിലെ വിദ്യാർഥികളാണ് വാക്കത്തോണിൽ പങ്കെടുത്തത്.
ഓട്ടിസം ഉൾപ്പെടെ നാഡീ സംബന്ധമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വിധത്തിലുള്ള ഉൾചേർക്കൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി ഡി സിജി, കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ എം പി ജാക്സൻ,നിപ്മർ റിസർച്ച് കോഡിനേറ്റർ ആൻഡ് ഡയറ്റീഷ്യൻ ആർ മധുമിത, ബി.ആർസി പ്രതിനിധികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്രൈസ്റ്റ് കോളേജ്,സെന്റ് ജോസഫ് കോളേജ്, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.