ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിലുള്ള പോര്; വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നതയെന്ന് സൂചന; ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരരംഗത്ത്
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണസമിതിയും ബ്ലോക്ക് സെക്രട്ടറിയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഭരണമുന്നണിക്കും പ്രധാന കക്ഷിയായ സിപിഎമ്മിനും തലവേദന ആകുന്നു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഡ്രൈവറുടെ ബില്ലുകൾ പാസ്സാക്കുന്നതിനെ ചൊല്ലി ഭരണസമിതിയും അംഗപരിമിതയായ സെക്രട്ടറിയും തമ്മിൽ ഉടലെടുത്ത ഭിന്നതകളാണ് ഇടതുപക്ഷം കാലങ്ങളായി അധികാരം കൈയ്യാളുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് സെക്രട്ടറി ബില്ലുകൾ പാസാക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിൻ്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടുകയാണെന്ന് കാണിച്ച് 62 % ശാരീരിക പരിമിതിയുള്ള പണ്ഡു സിന്ധു തദ്ദേശവകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി കഴിഞ്ഞു. വിഷയം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര ഭരണസമിതി യോഗത്തിൽ ഭരണകക്ഷിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ നിയമപരമായ രീതിയിൽ കാര്യങ്ങൾ നടക്കണമെന്ന നിലപാട് എടുത്തതായിട്ടാണ് സൂചന. പതിമൂന്ന് അംഗ ഭരണസമിതിയിൽ സിപിഎമ്മിന് എട്ടും സിപിഐക്ക് നാലും പ്രതിപക്ഷമായ കോൺഗ്രസ്സിന് ഒരു അംഗവുമാണുള്ളത്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സിപിഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലിൻ്റെ ജില്ലാ ജോ സെക്രട്ടറി തന്നെ പങ്കെടുത്തതും ചർച്ചയായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ ഭരണസ്തംഭനം പ്രതിപക്ഷവും ആയുധമാക്കിക്കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിലെ ഭരണസ്തംഭനവും അഴിമതിയും മനുഷ്യാവകാശ സ്തംഭനവും ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ധർണ്ണ കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ബ്ലോക്ക് പ്രസിഡണ്ട് ഷാറ്റോ കുരിയൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബാസ്റ്റ്യൻ ഫ്രാൻസിസ്, സാജു പാറേക്കാടൻ, എ പി വിൽസൻ, ഫ്രാൻസിസ് പടിഞ്ഞാറെത്തല, സി എസ് അബ്ദുൽ ഹഖ്, പി കെ ഭാസി, ബ്ലോക്ക് മെമ്പർ റീന ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽകുമാർ കല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.















