തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം; മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിലും വിമർശനം….

ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേത്യത്വത്തിലുള്ള കൂർക്കഞ്ചേരി – കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിയെക്കുറിച്ച് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണെന്നും വിവിധയിടങ്ങളിൽ റോഡ് സഞ്ചാരയോഗ്യമല്ലെന്നും ജൂലൈ അഞ്ചിനകം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം പൂർണ്ണമായും നടപ്പിലായിട്ടില്ലെന്നും കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടി. വിഷയം അടിയന്തര പരിഗണനയിൽ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ ഉന്നതതലയോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. അമൃത് കുടിവെള്ളപദ്ധതിക്കായി നഗരസഭ പരിധിയിൽ വിവിധ വാർഡുകളിൽ ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായിട്ടില്ലെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സപ്ലൈകോയിൽ സബ്സിഡി ഇനങ്ങൾ പൂർണ്ണമായും ലഭ്യമല്ലെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തഹസിൽദാർ സി നാരായണൻ സ്വാഗതം പറഞ്ഞു.















