ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധിയെ ചൊല്ലി നഗരസഭ യോഗത്തിൽ സംഘർഷം
ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്ക് വിഷയത്തെ ചൊല്ലി നഗരസഭ യോഗത്തിൽ സംഘർഷം. ടൗൺ ബാങ്ക് വിഷയത്തിൻ്റെ പേരിൽ ബാങ്കിൻ്റെ മുൻ ഭരണ സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ രാജി വയ്ക്കുക, നിക്ഷേപകരോടുള്ള യുഡിഎഫിൻ്റെ വെല്ലുവിളി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളുമായിട്ടാണ് എൽഡിഎഫ് അംഗങ്ങൾ യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിനിടെ ടൗൺ ബാങ്ക് നിക്ഷേപകർ ചെയർമാനെ കൂവിയത് നഗരസഭയ്ക്കും ഭരണസമിതിക്കും നാണക്കേടായിരിക്കുകയാണെന്നും നിക്ഷേപകരെ വഴിയാധാരമാക്കിയ ചെയർമാൻ രാജി വയ്ക്കണമെന്നും എൽഡിഎഫ് പാർലമെൻ്ററി ലീഡർ പി വി ശിവകുമാർ ആവശ്യപ്പെട്ടു. തനിക്ക് ബാങ്കിൽ ഇപ്പോൾ അധികാരമില്ലെന്നും ഭരണ സമിതിയെ നേരത്തെ പിരിച്ച് വിട്ടതാണെന്നും ശിവകുമാർ ഒരിക്കൽ ടൗൺ ബാങ്ക് ഭരണ സമിതിയിലേക്ക് മൽസരിച്ചപ്പോൾ ഒരു വോട്ട് മാത്രമാണെന്നും കിട്ടിയതെന്നും വിശദികരിച്ച് കൊണ്ട് ചെയർമാൻ മറുപടി ആരംഭിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. ചെയർമാനെ സംസാരിക്കാൻ അനുവദിക്കണമെന്ന് തുടർന്ന് ഭരണകക്ഷി അംഗങ്ങളും ആവശ്യപ്പെട്ടു. ഇതിനിടയിൽ എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയപ്പോൾ ഭരണകക്ഷി അംഗവും സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗവുമായ ടി എ പോൾ എൽഡിഎഫ് അംഗങ്ങളെ ചോദ്യം ചെയ്തും കരുവന്നൂർ ബാങ്ക് കൊള്ള വിഷയം ഉന്നയിച്ചും നടുത്തളത്തിലേക്ക് ഇറങ്ങി. യുഡിഎഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി അഡ്വ വി സി വർഗ്ഗീസ് അടക്കമുള്ളവർ പോളിനെ അനുനയിപ്പിച്ച് കസേരയിൽ കൊണ്ടിരുത്തിയതോടെയാണ് വാഗ്വാദങ്ങൾക്ക് വിരാമമായത്.
തൻ്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ഒരു വർഷമായിട്ടും ഒരു ക്രമക്കേട് പോലും കണ്ടെത്താൻ ആർബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും നിക്ഷേപങ്ങൾ തിരിച്ച് കിട്ടാത്തതിൻ്റെ പേരിൽ 12 പേർ മരണമടഞ്ഞുവെന്ന് പറയുന്നവർ ആ പേരുകൾ പ്രസിദ്‌ധീകരിക്കണമെന്നും ചെയർമാൻ മറുപടി നൽകി .കരുവന്നൂർ ബാങ്കിൽ ആയാലും ടൗൺ ബാങ്കിലായാലും നിക്ഷേപങ്ങൾ തിരിച്ച് നൽകണമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ പറഞ്ഞു. തനിക്ക് എതിരെ കുറ്റപത്രം വന്നാൽ രാജി വയ്ക്കുമെന്നും അല്ലാത്ത സാഹചര്യത്തിൽ രാജി വയ്ക്കേണ്ടതില്ലെന്ന് ചെയർമാൻ ചർച്ചകൾ അവസാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















