ഒരു വായനാ ദിനം കൂടി; ആർബിഐയുടെ നിയന്ത്രണത്തിലായതോടെ ഐടിയു ബാങ്കിലെ ലൈബ്രറിയ്ക്കും പൂട്ട് വീണു; പ്രവർത്തനരഹിതമായി തുടരുന്നത് ആറായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി
ഇരിങ്ങാലക്കുട : കുടിശ്ശികകളിലെ വീഴ്ചകളെ തുടർന്ന് ഐടിയു ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിലായപ്പോൾ നഷ്ടം നേരിട്ടത് നിക്ഷേപകർക്ക് മാത്രമല്ല, ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ മികച്ച നിലയിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ലൈബ്രറിക്ക് കൂടിയാണ്. ഒരു വായനാ ദിനം കൂടി വന്നെത്തുമ്പോൾ പ്രവർത്തനരഹിതമായി തുടരുന്ന ഐടിയു ലൈബ്രറി മികച്ച വായനയ്ക്കും റഫറൻസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമായി വന്ന് ചേർന്നിരുന്ന വായനക്കാരുടെയും നഷ്ടമാണിപ്പോൾ. കഴിഞ്ഞ വർഷം ജൂലൈ അവസാനത്തോടെയാണ് ബാങ്ക് ആർബിഐയുടെ നിയന്ത്രണത്തിൽ വന്നത് . അധികം വൈകാതെ ഹെഡ് ഓഫീസിൻ്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയ്ക്കും പൂട്ട് വീണു. 32 താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിൻ്റെ കൂട്ടത്തിൽ ലൈബ്രേറിയൻ്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരനുമുണ്ടായിരുന്നു. നോവൽ, ചെറുകഥ, യാത്രാ വിവരണം, ആത്മകഥകൾ, ജീവചരിത്രം, ചരിത്രം, സൈക്കോളജി , കുട്ടികളുടെ സാഹിത്യം, കരിയർ തുടങ്ങിയ വിഭാഗങ്ങളിലായി ആറായിരത്തോളം പുസ്തകങ്ങളാണ് ഐടിയു ഡിജിറ്റൽ ലൈബ്രറിയിൽ ഉള്ളത്. വായനക്കാർക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നു. പതിനാലോളം ദിനപത്രങ്ങളും അമ്പതിൽ അധികം വാരികകളും തേടി വന്നിരുന്നവരും എറെയായിരുന്നു. മൂന്നൂറോളം മെമ്പർമാർ ആണ് ഉണ്ടായിരുന്നത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ലൈബ്രറിയിലെ റഫറൻസ് ഗ്രന്ഥങ്ങൾ തേടി വിദ്യാർഥികളും എത്തിയിരുന്നു. പട്ടണത്തിലെ മറ്റ് പ്രാദേശിക ലൈബ്രറികളെ അപേക്ഷിച്ച് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിച്ചിരുന്നുവെന്നതു വായനക്കാർക്ക് അനുഗ്രഹമായി മാറിയിരുന്നു. ആർബിഐയുടെയും തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയും നിയന്ത്രണത്തിൽ വന്നതോടെ പത്രങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. വാരികകൾ പൂർണ്ണമായി നിറുത്തുകയും ചെയ്തു. ആർബിഐ യുടെ നിർദ്ദേശാനുസരണം ലൈബ്രറിയുടെ പ്രവർത്തനം ” താത്കാലികമായി നിറുത്തി ” എന്ന വിശദീകരണമാണ് ബാങ്കിൻ്റെ ഭരണ ചുമതല കയ്യാളുന്നവർ പറയുന്നത്. ബാങ്കിൻ്റെ ഭാവി പോലെ വായനശാലയുടെ ഭാവിയും അനിശ്ചിതാവസ്ഥയിലാണിപ്പോൾ.















