നേട്ടങ്ങളുടെ തിളക്കവുമായി തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പടിയിറങ്ങുന്നു

റെക്കോർഡ് നേട്ടങ്ങളുടെ തിളക്കത്തിൽ തൃശ്ശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ ഐ പി എസ് മടങ്ങുന്നു; ഇനി റെയിൽവേ പോലീസ് മേധാവി

 

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയെ മികവിന്റെയും സുരക്ഷിതത്വത്തിന്റെയും പാതയിലൂടെ നയിച്ച ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. സ്ഥലം മാറിപ്പോകുന്നു. കേരള റെയിൽവേ പോലീസ് മേധാവിയായാണ് പുതിയ നിയമനം. 2025 ജനുവരി 2-നാണ് അദ്ദേഹം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്.

 

ഒന്നര വർഷക്കാലത്തെ തന്റെ ഭരണകാലയളവിൽ സങ്കീർണ്ണമായ ഒട്ടേറെ ക്രിമിനൽ കേസുകൾ അതിവേഗം തെളിയിച്ചതിന്റെയും, തൃശ്ശൂർ റൂറൽ ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കിയതിന്റെയും പൂർണ്ണ സംതൃപ്തിയോടെയാണ് അദ്ദേഹത്തിന്റെ മടക്കം.

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചക്കേസ്, മാള മേലഡൂരിൽ പത്രപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്, പുതുക്കാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം, മാളയിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്, പുതുക്കാട് ജിമ്മിൽ യുവാവിനെ റിപ്പർ മോഡലിൽ തലയ്ക്കടിച്ച കേസ് എന്നിവയിലെല്ലാം അതിവേഗം പ്രതികളെ കുടുക്കാൻ ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ മികവിന് സാധിച്ചിരുന്നു.

കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന കാൽ കിലോയോളം എം.ഡി.എം.എയും (MDMA) നാല് എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും പിടികൂടിയതും ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 108 ഗ്രാം എം.ഡി.എം.എ പിടികൂടിയതും, പുതുക്കാട് വച്ച് ലോറിയിൽ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനലുകളും കൊലക്കേസ് പ്രതിയുമടങ്ങുന്ന നാലംഗസംഘത്തെ അറസ്റ്റ് ചെയ്തതും ശ്രദ്ധേയമായ നടപടികളായിരുന്നു.

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്

കൊട്ടാരക്കര സ്വദേശിയായ ബി. കൃഷ്ണകുമാർ ഐ പി എസിന്റെ ഭാര്യ ഇന്ദു (ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക), രണ്ട് ആൺ മക്കൾ, മൂത്തമകൻ ഡോ. ഭരത് കൃഷ്ണൻ , ഇളയമകൻ ശരത് കൃഷ്ണൻ (പോണ്ടിച്ചേരി ജിപ്മറിൽ 4-ാം വർഷ എം ബി ബി എസ് വിദ്യാർത്ഥി)

Please follow and like us: