ശ്രീകൂടൽമാണിക്യം തിരുവുൽസവം; ഭക്തിയിൽ അലിഞ്ഞ് ശ്രീരാമപട്ടാഭിഷേകം കഥകളി

ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി …..

 

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്‌നി പ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമന വാര്‍ത്ത ഹനുമാന്‍ അറിയിക്കുന്നതും ഭരതന്‍ സന്തുഷ്ട ചിത്തനായി നില്‍ക്കുന്നതും ആണ് രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്. പടിഞ്ഞാറെ നടപ്പുരയില്‍ മേളം കഴിഞ്ഞാല്‍ സ്‌പെഷ്യല്‍ പന്തലില്‍ പട്ടാഭിഷേകത്തിനായി വിളക്ക് കൊളുത്തും. രാവണനെ വധിച്ച് സീത അഗ്‌നിശുദ്ധി വരുത്തുന്ന സീതാ രാമ സംഗമത്തോടെയാണ് കളിക്ക് തുടക്കമാവുക. തുടര്‍ന്ന് ശ്രീരാമന്‍ ഭരതനു നല്‍കിയ വാക്ക് സീതാദേവിയെ ഓര്‍മ്മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോദ്ധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അഭിനയിക്കുന്നത്. അഗ്‌നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന്‍ ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്‍മാര്‍ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ത്ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് സന്ദര്‍ഭമുണ്ട്. കലാനിലയം രാഘവൻ, സദനം കൃഷ്ണന്‍കുട്ടി, കലാനിലയം ഗോപി, കലാനിലയം ഹരിദാസ്, കലാമണ്ഡലം വിജയകുമാർ, കലാനിലയം കരുണാകരക്കുറുപ്പ്, സർവ്വതോഭദ്രം നന്ദന , തൃപ്പയ പീതാംബരൻ , കലാനിലയം മധു മോഹനൻ , കലാമണ്ഡലം അരുൺ രാജു, കലാനിലയം കരുണാകരകുറുപ്പ്, സർവ്വതോഭദ്രം ഹരികൃഷ്ണൻ തുടങ്ങിയവരായിരുന്നു രംഗത്ത്. പെരിങ്ങോട്ടുകര ശ്രീ ആവണങ്ങാട്ടിൽ കളരിയുടെ കീഴിലുള്ള സർവ്വതോഭദ്രം കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആയിരുന്നു അവതരണം.

Please follow and like us: