ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കലശാഭിഷേകത്തിൻ്റെ സമയക്രമം മാറ്റാനുള്ള തീരുമാനം മാറ്റി; മുതിർന്ന തന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്തെന്ന് വിശദീകരിച്ച് ദേവസ്വം
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലശാഭിഷേകത്തിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം പിൻവാങ്ങി. ഇത് സംബന്ധിച്ച് ക്ഷേത്രം തന്ത്രിമാരുടെ അഭിപ്രായവും മുതിർന്ന തന്ത്രി പടിഞ്ഞാറേ മന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുൻവർഷങ്ങളിലെ പോലെ ചടങ്ങുകൾ നടത്തുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കലശാഭിഷേകത്തിൻ്റെ ക്രമം മാറ്റാനുള്ള തീരുമാനത്തിനെതിരെ തന്ത്രി കുടുംബാംഗങ്ങളും ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി അടക്കമുള്ള സംഘടനകളും രംഗത്ത് വന്നിരുന്നു. ക്ഷേത്രത്തിലെ ആനയെഴുന്നള്ളിപ്പ്, പഞ്ചാരിമേളം എന്നിവയുടെ സമയം കുറയുന്നതിന് പ്രസ്തുത മാറ്റം കാരണമാകുമെന്ന് വിമർശനങ്ങളും ഉയർന്നിരുന്നു . സമയക്രമത്തിലെ മാറ്റത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച തന്ത്രി കുടുംബാംഗങ്ങൾ കഴിഞ്ഞ ഒരു വർഷമായി ക്ഷേത്ര ചടങ്ങുകളിൽ നിന്നും മാറി നിന്നിട്ടില്ലെന്നും തിരുവുൽസവ പരിപാടികളുമായി സഹകരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.















