എഫ്സിആർഎ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ഇടവക സമൂഹം; ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കുക എന്ന രാഷട്രീയ അജണ്ടയെന്നും വിമർശനം
ഇരിങ്ങാലക്കുട : വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ഒടുവിൽ ഇടവക സമൂഹം. സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഇടവകയുടെ സഹകരണത്തോടെ എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ റാലി കത്തീഡ്രൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കുക എന്ന കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയാണ് വിഷയത്തിന് പുറകിലെന്ന് പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ അസി.വികാരിമാരായ ഫാ.ലിൻഡോ കാരേക്കാടൻ, ഫാ. ക്രിസ്റ്റോൺ കൈനാടത്തു പറമ്പിൽ,ഫാ. ജസ്റ്റിൻ കളർ പാറ,സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ധന്യ, കത്തിഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്, സാബു ജോർജ്, തോമസ് തൊകലത്ത്, അഡ്വ.എം.എം.ഷാജൻ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, എ.കെ.സി.സി.സെക്രട്ടറി റോബി കാളിയങ്കര,ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത എ.കെ.സി.സി. പി. ആർ.ഒ. ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. മത മേലധ്യക്ഷൻമാരെ അവഹേളിച്ച പി.സി.ജോർജും മകനും മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.















