ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മുന്നണികൾക്ക് തലവേദനയായി സ്ഥാനാർഥി നിർണയം

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മുന്നണികൾക്ക് തലവേദനയായി സ്ഥാനാർഥി നിർണ്ണയം

 

ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചരണ ജാഥകളുമൊക്കെയായി കളം നിറഞ്ഞ മുന്നണികൾക്ക് തലവേദനയായി മാറിയത് സ്ഥാനാർഥി നിർണ്ണയം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. ഗ്രൂപ്പുകൾ തലവേദനയായി മാറാറുള്ള യുഡിഎഫിലെ കോൺഗ്രസ്സിൽ ഇത്തവണ ഗ്രൂപ്പ് മാനേജർമാർ തികഞ്ഞ ഐക്യത്തിലായത് കൊണ്ട് കാര്യമായ അസ്വാരസങ്ങൾ ഇല്ലാതെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കാനായി. സ്വന്തം വാർഡുകൾ സംവരണ പട്ടികയിലേക്ക് കടന്ന് കൂടിയത് കൊണ്ട് മൽസരരംഗത്ത് തുടരാൻ കഴിയാത്തവരുടെ നിരാശകൾ മാത്രമാണ് ബാക്കി ഉള്ളത്. അതേ സമയം മാസങ്ങൾക്ക് മുമ്പ് തന്നെ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ കണ്ടെത്താൻ ശരിക്കും വിയർക്കേണ്ടി വന്നു. അധികാരത്തിൻ്റെ രുചി നുണഞ്ഞവരുടെ പാർലമെൻ്ററി വ്യാമോഹങ്ങൾ പാർട്ടിക്ക് തലവേദനയായെന്നാണ് സൂചന.

എൽഡിഎഫിൽ അധിക സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച രണ്ട് പേരുകളിൽ സിപിഎമ്മിന് മാറ്റം വരുത്തേണ്ടിയും വന്നു. വാർഡ് 5 പീച്ചമ്പിള്ളിക്കോണത്ത് നീന അന്തോണിയും വാർഡ് 23 കലാനിലയത്തിൽ സൗമ്യ സി ബോഷുമാണ് പുതിയ സ്ഥാനാർഥികൾ. വാർഡ് 15 ൽ ആർജെഡി സ്ഥാനാർഥിയായി വിബി വർഗ്ഗീസ് ജനവിധി തേടും. സിപിഐ മൽസരിക്കുന്ന വാർഡ് 22 മുനിസിപ്പൽ ഓഫീസ് വാർഡിൽ മാർട്ടിൻ ആലേങ്ങാടൻ മൽസരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിപിഐ മൽസരിക്കുന്ന വാർഡ് 29 ബസ് സ്റ്റാൻ്റ് വാർഡിലും വാർഡ് 35 സിവിൽ സ്റ്റേഷൻ വാർഡിലും സ്ഥാനാർഥി നിർണയം ഇത് വരെ പൂർത്തിയായിട്ടില്ല.

ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് മൽസരരംഗത്ത് ഇറങ്ങിയ ബിജെപി മൂർക്കനാട് വാർഡ് നമ്പർ ഒന്നിൽ സുദീപ സന്ദീഷിനെയും ബംഗ്ലാവ് വാർഡ് നമ്പർ രണ്ടിൽ അരുൺ വി സി , വാർഡ് 3 കുഴിക്കാട്ടുക്കോണത്ത് സനിത സന്തോഷിനെയും സ്ഥാനാർഥികളായി ഇന്ന് പ്രഖ്യാപിച്ചു. വാർഡ് 15 മുനിസിപ്പൽ ആശുപത്രി വാർഡിലേക്ക് സ്ഥാനാർഥി ആയിട്ടില്ല. അതേ സമയം നഗരസഭ പരിധിയിൽ കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മൽസരിച്ച ഘടകകക്ഷിയായ ബിഡിജെഎസ് ഇത്തവണ നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ വട്ടപൂജ്യമായി. നിയോജക മണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഡിവിഷനിലേക്ക് ഒരു സീറ്റ് മാത്രമാണ് ബിഡിജെഎസിന് കനിഞ്ഞ് നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള വിമർശനവുമായി ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരുന്നുവെങ്കിലും കാര്യമുണ്ടായില്ല.

Please follow and like us: