തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും തിരിച്ചടി; നടത്തിപ്പ് ചുമതലയിൽ നിന്നും കുടുംബശ്രീ ഒഴിഞ്ഞു.
ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും തിരിച്ചടി. നടത്തിപ്പിൽ നിന്ന് കുടുംബശ്രീയും ഒഴിഞ്ഞു. 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു വാടകയ്ക്ക് എടുത്ത് 2024 ൽ ആരംഭിച്ചെങ്കിലും അഞ്ച് മാസത്തിൻ്റെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ടേക്ക് എ ബ്രേക്ക് ഇരിങ്ങാലക്കുടയിലും ആരംഭിച്ചത്. ടോയ്‌ലറ്റ് സൗകര്യങ്ങളും കഫറ്റേരിയും അടക്കമുള്ള രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിൻ്റെ നിർമ്മാണത്തിന് ഇരുപത് ലക്ഷം രൂപയാണ് ചിലവഴിച്ചത്. പിന്നീട് വാട്ടർ ടാങ്കുകൾക്കും ബോർവെൽ സംവിധാനത്തിനുമായി 2023 – 24 ൽ നാല് ലക്ഷം രൂപ കൂടി ചിലവഴിച്ചു. തദ്ദേശ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതി അടച്ചിടുന്നത് ശരിയല്ലെന്ന വിമർശനം ഉയർന്നതോടെ ടോയ്‌ലറ്റ് സൗകര്യങ്ങൾ മാത്രം ഉറപ്പാക്കി കൊണ്ട് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് പ്രതിമാസം നാലായിരം രൂപ വാടകയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കുകയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങളും കഫറ്റേരിയയുമായി ഒക്ടോബർ പത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് കുടുംബശ്രീ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ടോയ്ലറ്റുകളുടെ നടത്തിപ്പ് മാത്രമായി രണ്ട് മാസം പിന്നിട്ട ഘട്ടത്തിലാണ് പദ്ധതിയുടെ നടത്തിപ്പിൽ നിന്നും കുടുംബശ്രീയും ഒഴിഞ്ഞിരിക്കുന്നത്. ടോയ്ലറ്റുകളുടെ നടത്തിപ്പിൽ നിന്നും പ്രതിദിനം പത്ത് രൂപയ്ക്ക് താഴെ മാത്രമാണ് ലഭിക്കുന്നതെന്നും ലഘു ഭക്ഷണങ്ങൾ ഇവിടെ വച്ച് തയ്യാർ ആക്കാൻ കഴിയില്ലെന്ന നിബന്ധന പ്രയോഗികമല്ലെന്നും കുടുംബശ്രീ അധികൃതരും പറയുന്നു. കരാർ പ്രകാരമുള്ള രണ്ട് മാസത്തെ വാടക ആയ 8000 രൂപ നടത്തിപ്പ് എറ്റെടുത്ത കുടുംബശ്രീ അംഗം അടച്ച് കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീയും രംഗമൊഴിഞ്ഞ സാഹചര്യത്തിൽ നഗരസഭയുടെ താത്കാലിക ജീവനക്കാരനെ വച്ച് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ടോയ്ലറ്റ് സൗകര്യങ്ങൾ മാത്രം നൽകി കൊണ്ടാണ് കാലാവധി പൂർത്തിയാക്കുന്ന നഗരസഭ ഭരണസമിതിയുടെ പ്രധാന പദ്ധതികളിൽ ഒന്നായ ടേക്ക് എ ബ്രേക്ക് മുടന്തി നീങ്ങുന്നത്. വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താതെ ഉദ്ഘാടനം ചെയ്ത പദ്ധതിയെക്കുറിച്ച് കടുത്ത വിമർശനമാണ് കഴിഞ്ഞ നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉയർന്നത്.















