എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു പുനർനിർണ്ണയിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം നവംബർ 10 ന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന് റവന്യു അധികൃതർ

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു പുനർനിർണയിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം നവംബർ 10 ന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന് റവന്യു അധികൃതർ ; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്റർ സബ് ഡിപ്പോ ആക്കി ഉയർത്താൻ തത്കാലത്തേക്ക് സാധ്യതയില്ലെന്ന് കെഎസ്ആർടിസി അധികൃതർ; താലൂക്ക് വികസന സമിതി യോഗത്തിന് എത്താതെ പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

 

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ അന്യായമായ ഫെയർ വാല്യു പുനർ നിർണ്ണയിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം നവംബർ 10 ന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന് റവന്യു അധികൃതർ. പൊതുജനങ്ങൾക്കും ഭൂവുടമകൾക്കും ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ അറുപത് ദിവസം നൽകുമെന്നും തുടർന്ന് അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയും പെരുമാറ്റചട്ടവും നടപടികളെ ബാധിക്കില്ലെന്നും റവന്യു ഉദ്യോഗസ്ഥർ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട കെഎസ്ആർടി സെൻ്ററിനെ സബ് ഡിപ്പോ ആയി ഉയർത്തുന്ന വിഷയം വീണ്ടും ചർച്ചയിൽ ഉയർന്നു. 35 സർവീസുകൾ ഉണ്ടെങ്കിൽ മാത്രമേ ഓപ്പറ്റിംഗ് സെൻ്ററിനെ സബ്- ഡിപ്പോ ആക്കി ഉയർത്തുകയുള്ളൂവെന്നും നിലവിൽ 17 സർവീസുകൾ ആണ് ഉള്ളതെന്നും സബ് ഡിപ്പോ പദ്ധതിക്ക് തത്കാലം സാധ്യതയില്ലെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എന്നാൽ 2016 മാർച്ച് ഒന്നിന് കെഎസ്ആർടിസി സെൻ്ററിൻ്റെ പദവി മാറ്റി കൊണ്ടും ഇതിന് ആവശ്യമായ നിയമനങ്ങൾ നടത്തി കൊണ്ടും ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു. ഉത്തരവ് കെഎസ്ആർടി കേന്ദ്രത്തിൽ ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിച്ചു.

കാട്ടൂർ പഞ്ചായത്തിൽ നാലു വാർഡുകളിലെ വെള്ളം മലിനമാകുന്ന വിഷയത്തിൽ ഫൊറൻസിക് വകുപ്പിൻ്റെ പഠനം നടത്താൻ തീരുമാനിച്ചിട്ടുണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് സംബന്ധിച്ച് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പ്രവർത്തനാനുമതി ഉണ്ടെന്നും വ്യവസായ വികസന ഓഫീസർ അറിയിച്ചു. കുടിവെള്ളം മലിനമായ സാഹചര്യത്തിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ സ്ഥലം എംഎൽഎ തന്നെ ഇടപെടണമെന്നും കേന്ദ്ര മന്ത്രിയുടെ പ്രതിനിധി ക്യപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഒരു കോടി രൂപ സിഎസ്ആർ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ആയിട്ടുണ്ടെന്നും എന്നാൽ ഫണ്ട് ലഭിച്ചിട്ടില്ലെന്നും നഗരസഭ ചെയർമേരിക്കുട്ടി ജോയ് യോഗത്തിൽ വ്യക്തമാക്കി. ബൈപ്പാസ് റോഡും ചാലക്കുടി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിക്കുന്ന കാര്യം ചർച്ചയിൽ ഉണ്ടെന്നും ചെയർ പേഴ്സൺ അറിയിച്ചു. ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നിലനിന്നിരുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ നഗരസഭ കക്ഷിയല്ലെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. സ്വകാര്യ ബസ് സ്റ്റാൻ്റിൽ പോലീസ് എയ്ഡ് പോസ്റ്റിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് പോലീസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ സൂചിപ്പിച്ചു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ സിമീഷ് സാഹു സ്വാഗതം പറഞ്ഞു. പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിന് എത്തിയില്ല.

Please follow and like us: