ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്; റിപ്പോർട്ട് ഭരണസമിതിയുടെ കഴിവുകേടിൻ്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷം; ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി ഭരണനേതൃത്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ 2023 – 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലും ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. നഗരസഭയുടെ അധീനതയിൽ ഉള്ള പത്തോളം കെട്ടിങ്ങളിലെ വാണിജ്യ മുറികൾ വാടകയ്ക്ക് നൽകുന്നതിലും കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ചകൾ സംഭവിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഠാണാവിൽ പൂതംകുളത്ത് ഉള്ള കെട്ടിടത്തിൻ്റെ വാടക കുടിശ്ശികയായ 36000 രൂപയും പിഴയും റെവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച് ഈടാക്കേണ്ടതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അൺ- എയ്ഡഡ് സ്കൂളുകളിൽ നിന്നും മൊബൈൽ ടവറുകളിൽ വസ്തുനികുതി ഈടാക്കണമെന്നും കുടിശ്ശിക പിരിച്ചെടുക്കണമെന്നും അനധികൃത കെട്ടിടങ്ങളുടെയും വസ്തു നികുതി പിരിച്ചെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. നഗരസഭ പരിധിയിൽ ടർഫുകൾ അനധികൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐഎച്ച്എസ്ഡിപി അക്കൗണ്ടുകളിലെ പ്ലാൻ ഫണ്ട് തുകകൾ തിരികെ അടവാക്കാനുള്ളത് 7539169 രൂപയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുമരാമത്ത് പ്രവ്യത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നില്ലെന്ന വിമർശനവും റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്.
നഗരസഭ ഭരണത്തിൻ്റെ കഴിവുകേടിൻ്റെ ബാക്കി പത്രമായി ഓഡിറ്റ് റിപ്പോർട്ട് മാറിയിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പ്രതിപക്ഷ അംഗങ്ങളായ അഡ്വ കെ ആർ വിജയ , സന്തോഷ് ബോബൻ, അൽഫോൺസ തോമസ് എന്നിവർ വിമർശിച്ചു. എന്നാൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളിൽ ഭൂരിപക്ഷത്തിനും പരിഹാരം കണ്ടെത്തി കഴിഞ്ഞതാണെന്നും സിഎഫ്സി ഫണ്ട് വീണ്ടെടുക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും തനത് വരവിൽ ഇരിങ്ങാലക്കുട നഗരസഭ ജില്ലയിൽ രണ്ടാം സ്ഥാനത്താണെന്നും ഉദ്യോഗസ്ഥർ അധിക ജോലി ഭാരം നേരിടുന്നുണ്ടെന്നും അവധി ദിവസങ്ങളിൽ പോലും ഓഫീസിൽ എത്തുന്നുണ്ടെന്നും നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് വ്യക്തമാക്കി. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു















