മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ തകർന്നിട്ട് മൂന്ന് വർഷം; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ തകർന്നിട്ട് മൂന്ന് വർഷം;  കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക് ; സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 55 ലക്ഷത്തോളം അനുവദിച്ചിട്ടുണ്ടെന്നും ടെണ്ടർ നടപടികൾ നടന്ന് വരികയാണെന്നും അധികൃതർ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം . 2022 മെയ് 14 ന് ഉണ്ടായ കനത്ത മഴയിലാണ് മുടിച്ചിറയുടെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ പ്രധാന ജലസ്രോതസാണ് തുറവൻകാടിലുള്ള മുടിച്ചിറ. നാലു വശവും ഇടിഞ്ഞു വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019-20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷവും ജലസേചന വകുപ്പിൻ്റെ നഗര സഞ്ചയിക ഫണ്ടിൽ നിന്ന് 39 ലക്ഷവും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് 15 ലക്ഷവും അനുവദിച്ചിരുന്നു. 2021 ഏപ്രിൽ മാസത്തോടെ പണികൾ ആരംഭിച്ചെങ്കിലും വർഷകാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു.തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.

തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്തു ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉണ്ടായിരുന്നു. നൂറ്റമ്പതോളം മീറ്റർ നീളമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്നു ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിർമിക്കുമ്പോൾ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ലെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്

അശാസ്ത്രീയമായ നിർമാണവും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകർച്ചക്ക് കാരണമെന്നും കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം ആരോപിച്ചു. കുറ്റക്കാർക്കെതിരെ യാതൊരു നടപടി സ്വീകരിക്കാനോ നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നുണ്ട്. കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ മുടിച്ചിറ.ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ പ്രവൃത്തികളുടെ ചുമതല. ഈ മേഖലയെ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്‌ഘാടനം ചെയ്തു. അതേ സമയം സംരക്ഷണ ഭിത്തി നിർമ്മാണ പൂർത്തീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 55 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നും രണ്ട് തവണ ടെണ്ടർ വിളിച്ചിട്ടും ആരും പ്രവൃത്തി എടുത്തിട്ടില്ലെന്നും ഇനി ക്വട്ടേഷന് ഇടുമെന്നും ടെണ്ടർ ആയാൽ നിർമ്മാണ കരിങ്കൽ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗം അധികൃതർ അറിയിച്ചു.

Please follow and like us: