തൃശൂർ ജില്ലയിലെ എടിഎം കവർച്ചകൾ;
തമിഴ്നാട്ടിൽ വെച്ച് പ്രതികൾ പിടിയിൽ;
ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു;
രണ്ടു പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്ക്;സംഘം കവർന്നത് അരക്കോടിയിലേറെ രൂപ ;
പിടിയിലായത് ഹരിയാന സ്വദേശികൾ
തൃശൂർ / പാലക്കാട് : തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്ന് പണവുമായി അതിർത്തി കടന്ന മോഷണസംഘത്തെ തമിഴ്നാട്ടിലെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടി.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് തകർത്തത്
പുലർച്ചെ രണ്ടിനും നാലിനും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം തകർത്തത്. മൂന്ന് എ.ടി.എമ്മുകളിൽനിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്.
മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിന് വിവരമറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികൾ പണവുമായി കടന്നിരുന്നു. പിന്നിൽ ഇതരസംസ്ഥാനക്കാരാണെന്ന സംശയം തുടക്കും മുതൽക്കേ പോലീസിനുണ്ടായിരുന്നു.
മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവർച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30-35 ലക്ഷം കവർന്ന മോഷ്ടാക്കൾ പിന്നാലെ കോലഴിയിലെത്തി എടിഎം തകർത്ത് 25 ലക്ഷം കവർന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ ഷൊർണൂർ റോഡിലെ എടിഎം തകർത്ത് പത്തുലക്ഷത്തോളം കവർന്നു. മാപ്രാണത്തുനിന്ന് കോലഴിയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. ഈ വഴിയിലാണ് ഷൊർണൂർ റോഡിലെ എടിഎമ്മും സ്ഥിതി ചെയ്യുന്നത്. മോഷ്ടാക്കൾക്കായി ജില്ലാ അതിർത്തികളിലടക്കം കർശന തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് സംഘം പിടിയിലായത്.
കവർച്ച നടത്തിയ ശേഷം സംഘം കാറിൽ വിയ്യൂർ-പോലീസ് അക്കാദമി-മണ്ണുത്തി- വഴിയാണ് തൃശൂർ-പാലക്കാട് ദേശീയപാതയിലേക്ക് കയറിയത്. തുടർന്ന് പന്നിയങ്കര ടോൾപ്ലാസ വഴി പോയി അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തി.
മോഷ്ടിച്ച പണവും കാറുമടക്കം ഒരു വലിയ കണ്ടൈയ്നറിൽ കയറ്റിയാണ് സംഘം ഈറോഡ് ലക്ഷ്യമാക്കി പോയിരുന്നത്.
തമിഴ്നാട് പോലീസ് സംശയം തോന്നി ഈ കണ്ടൈനറിനെ പിന്തുടരുകയും നാമക്കലിൽ വെച്ച് പോലീസും കവർച്ച സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയുമായിരുന്നു. രണ്ടു പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്കേറ്റു. നടുറോഡിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ കവർച്ച സംഘത്തെ തമിഴ്നാട് പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കണ്ടെയ്നറിനകത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി.
പോലീസ് പിന്തുടർന്നതോടെ കണ്ടെയ്നർ ലോറി അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ഏതാനും വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ വണ്ടി തടയുകയും ഡ്രൈവറോട് കയർക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പോലീസെത്തി കണ്ടെയ്നർ ഡ്രൈവറോട് കണ്ടെയ്നർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അകത്ത് വാഹനമുണ്ടെന്നും തുറക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി. ബലം പ്രയോഗിച്ച് കണ്ടെയ്നർ തുറന്ന തമിഴ്നാടിനെതിരെ കണ്ടെയ്നറിനകത്തെ കാറിലുണ്ടായിരുന്ന കവർച്ച സംഘം വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ഈ ഏറ്റുമുട്ടലിലാണ് കവർച്ച സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. സബ് ഇൻസ്പെക്ടർ രാജേഷിനും ഇൻസ്പെക്ടർ തവമണിക്കും പരിക്കേറ്റു. ഇവർ പള്ളിപ്പാളയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.