കരുവന്നൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകളിൽ ആശങ്ക ഉയർത്തി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; പാലത്തിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും വയർഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് ആയതായും വിശദീകരണം …..
ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും പ്രവ്യത്തിക്ക് രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ പ്രതിനിധി താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. പുഴയിൽ നിന്നും ചാടിയുള്ള ആത്മഹത്യകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പാലത്തിൻ്റെ സുരക്ഷ വർധിപ്പിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞതിന് മറുപടിയായിട്ടാണ് മന്ത്രിയുടെ പ്രതിനിധി കൃഷ്ണപ്രസാദ് ഇക്കാര്യം അറിയിച്ചത്.
തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിലെ നവീകരണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ട് പോകുകയാണെന്നും ആറാട്ടുപ്പൂരത്തെയും ബാധിക്കുന്ന അവസ്ഥയാണെന്നും കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ കെഎസ്ടിപി പ്രതിനിധി യോഗത്തിൽ ഇല്ലാത്തതിൽ വിമർശനം ഉയർന്നു. വിഷയം കളക്ടറുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും താലൂക്ക് അധികൃതർ അറിയിച്ചു.
കുടിശ്ശികയുടെ പേരിൽ വൈദ്യുതി കണക്ഷനുകൾ വിച്ചേദിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജനപ്രതിനിധികളെ അറിയിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നഗരസഭ വൈസ്-ചെയർമാൻ ടി വി ചാർലി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചാലക്കുടി മേഖലയിലെ കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ചേദിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. സപ്ലൈകോയിൽ നിലവിൽ സബ്സിഡി ഇനങ്ങളുടെ ക്ഷാമമുണ്ടെന്നും എന്നാൽ പർച്ചേയ്സ് ഓർഡർ ആയിട്ടുണ്ടെന്നും ഈ മാസം തന്നെ ക്ഷാമം പരിഹരിക്കുമെന്നും സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിച്ചിട്ടില്ലെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻറ്റിൽ നിന്നുള്ള സർവീസുകൾ സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തഹസിൽദാർ പി രാമചന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർ സിമീഷ് സാഹു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സാം തോംസൺ, കെ സി കാർത്തികേയൻ, മുൻഷിദിൽ ജന്നത്ത് രാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.















