ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം കവർന്ന ബംഗാളി കള്ളൻ അറസ്റ്റിൽ;
അറസ്റ്റിലായത് നിരവധി മോഷണ കേസ്സുകളിലെ പ്രതി…
ഇരിങ്ങാലക്കുട : ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്കുകളും കവർന്ന വെസ്റ്റ് ബംഗാൾ ദിനാശ്പൂർ സ്വദേശി മുക്താറുൾ ഹഖിനെ (32 വയസ്സ്) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി കുഞ്ഞിമോയിൻകുട്ടിയുടെ അന്വേഷണ സംഘം പിടികൂടി. നിരവധി കളവ് കേസ്സുകളിൽ പ്രതിയായ ഇയാൾ അന്യ സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു. ശനിയാഴ്ച എറണാകുളം ജില്ലയിലെ പറവൂർ മന്നത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളികളെ രണ്ടാഴ്ചയോളം നിരീക്ഷിച്ചും ശാസ്ത്രീയ അന്വേഷത്തിലൂടെയുമാണ് പോലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. സമീപകാലത്ത് സമാന രീതിയിലുണ്ടായിട്ടുള്ള പല കേസ്സുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി ഡി.വൈ.എസ്.പി. പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ ജയിലിൽ നിന്ന് പുറന്നിറങ്ങിയത്. 2021 ൽ എറണാകുളം നോർത്ത്, സൗത്ത്,എളമക്കര സ്റ്റേഷനുകളിലും കഴിഞ്ഞ വർഷം തിരുവല്ല, കാലടി സ്റ്റേഷനുകളിലും ഇയാൾക്ക് മോഷണ കേസ്സുകൾ ഉണ്ട്. തിരുവല്ലയിൽ ബിവറേജ് ഷോപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസ്സിലും എറണാകുളത്തും കാലടിയിലും സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് മുൻപ് അറസ്റ്റിലായത്. അന്ന് പെരുമ്പാവൂരിൽ താമസിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം നോർത്ത് പറവൂർ ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ചാണ് ഇപ്പോൾ മോഷണം നടത്തിവന്നിരുന്നത്. കൊടുങ്ങല്ലൂർ എടവിലങ്ങിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയത് താനാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും. കളവുകൾ നടത്തി നാട്ടിലേക്ക് പോയി വീണ്ടും തിരിച്ചെത്തിയാണ് മോഷണം നടത്തിയിരുന്നത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കെയാണ് പോലീസിൻ്റെ പിടിയിലായത്. ദിവസങ്ങളുടെ ഇടവേളയിലാണ് കൊമ്പിടിഞ്ഞാമാക്കലിലും എടവിലങ്ങിലും സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് മോഷണം നടന്നത്.ശനിയാഴ്ച ഇയാളുടെ താമസസ്ഥലം മനസ്സിലാക്കി മഫ്തിയിലെത്തി ഏറെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്.
ആളൂർ ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ, സീനിയർ സി.പി.ഒ മാരായ എം.ബി.സതീശൻ, ഇ.എസ്. ജീവൻ, കെ.എസ്.ഉമേഷ്, സവീഷ് , ബിജു എന്നിവരടങ്ങിയ സംഘമാണ് നോർത്ത് പറവൂർ ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.















