ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ വീട് ഭാഗികമായി കത്തി നശിച്ചു..

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ തീപ്പിടുത്തത്തെ തുടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.പഞ്ചായത്തിലെ പത്താം വാർഡിൽ കൊരുമ്പിശ്ശേരിയിൽ പോക്കരുപറമ്പിൽ ഭാരതിയുടെ (67) ഓടിട്ട വീടിൻ്റെ അടുക്കള ഭാഗമാണ് കത്തി നശിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അടുക്കളയിലെ വിറക് അടുപ്പിൽ നിന്ന് അടുത്ത് സൂക്ഷിച്ച് വച്ചിരുന്ന വിറക് ശേഖരത്തിലേക്ക് തീ പടർന്ന് പിടിക്കുകയും അടുത്ത് തന്നെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൻ്റെ ട്യൂബിന് തീ പിടിച്ച് ഗ്യാസ് ചോർന്നതുമാണ് തീ പടർന്ന് പിടിക്കാൻ കാരണമായത്.നാട്ടുകാരുടെയും വിവരമറിഞ്ഞ് എത്തിയ അഗ്നിശമനാ വിഭാഗത്തിൻ്റെ ശ്രമഫലമായിട്ടാണ് തീ അണച്ചത്.സംഭവ സ്ഥലത്തേക്ക് വണ്ടികളുമായി എത്താൻ വീതിയുള്ള റോഡ് ഇല്ലാത്തതിനാൽ നടന്നിട്ടാണ് ഫയർ വകുപ്പ് ജീവനക്കാർ എത്തിച്ചേർന്നത്. ഗ്യാസ് ഓഫ് ചെയ്തതിന് ശേഷം സംഭവസ്ഥലത്തെ പമ്പ് സെറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീ പടരുന്നത് തടഞ്ഞത്. സംഭവത്തിൽ അടുക്കള പൂർണ്ണമായും ഇവിടെ ഉണ്ടായിരുന്ന പാത്രങ്ങളും ഗ്യാസ് സ്റ്റൗവും വിറകുകളും കത്തി നശിച്ചു. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷണൻ മാവില, അസി. സ്റ്റേഷൻ ഓഫീസർമാരായ കെ സി സജീവൻ, എൻ കെ മോഹനൻ, ഫയർമെൻമാരായ ജിതിൻ രാജ്, സുമേഷ്, സിജോയ്, രഞ്ജിത്ത്, അരുൺ രാജ്, അഭിമന്യു, സന്ദീപ്, ലിസൻ എന്നിവർ നേത്യത്വം നല്കി.

















