ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷി അംഗം ടി വി ചാർലിയെ തിരഞ്ഞെടുത്തു; ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലി വൈസ് – ചെയർമാൻ പദവിയിൽ എത്തുന്നത് മൂന്നാം തവണ…

ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷി അംഗം ടി വി ചാർലിയെ തിരഞ്ഞെടുത്തു; ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലി വൈസ് – ചെയർമാൻ പദവിയിൽ എത്തുന്നത് മൂന്നാം തവണ…

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷിയംഗവും മുപ്പതാം വാർഡ് കൗൺസിലറുമായ ടി വി ചാർലിയെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം പതിനാറാം വാർഡ് കൗൺസിലർ പി ടി ജോർജ്ജ് വൈസ് – ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.11 മണിക്ക് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി വി ചാർലിക്ക് 17 ഉം എൽഡിഎഫിൽ നിന്നുള്ള വൈസ് – ചെയർമാൻ സ്ഥാനാർഥി അൽഫോൺസ തോമസിന് 16 ഉം വോട്ട് ലഭിച്ചു. ബിജെപിയുടെ എഴ് വോട്ടുകൾ അസാധുവായി. കൂടുതൽ വോട്ടുകൾ നേടിയ ടി വി ചാർലി വൈസ് – ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി യമുനാദേവി പ്രഖ്യാപിച്ചു.തുടർന്ന് ടി വി ചാർലി വൈസ് – ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആദ്യ റൗണ്ടിൽ ടി വി ചാർലിക്ക് 17 ഉം അൽഫോൺസാ തോമസിന് 16 ഉം ബി ജെ പി സ്ഥാനാർഥി അമ്പിളി ജയന് 7 ഉം വോട്ട് ലഭിച്ചു.ബിജെപി യിൽ നിന്നുള്ള വാർഡ് 39 മെമ്പർ ടി കെ ഷാജു തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയിരുന്നില്ല.

നഗരസഭ കൗൺസിലറായി നാലാം തവണയാണ് ടി വി ചാർലി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാനാകുന്നത് മൂന്നാം തവണയാണ്. കെ.എസ്.യു വിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. കെ എസ് യു തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, കേരളാ അർബൻ ബാങ്ക് ഓർഗനൈസേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആണ്. ഇരിങ്ങാലക്കുട ടൗൺ സഹകര ബാങ്ക് റിട്ടയേർഡ് ബ്രാഞ്ച് മാനേജരാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
ഭാര്യ – ജോയ്സി
മകൾ – ഡോ. ആൻ ബ്ലസി
മകൻ – ജോസഫ് ചാർളി യു എസ് എയിൽ ഉപരിപഠനം നടത്തുന്നു.
മരുമകൻ – ഡോ. ടൈസൺ ബാബു പുലിക്കോട്ടിൽ

Please follow and like us: