ഇന്നസെന്റ് അനുസ്മരണവും ഇളക്കങ്ങളുടെ പ്രദർശനവും …

ഇരിങ്ങാലക്കുട : ചിരിയുടെ വസന്തകാലം മലയാളിക്ക് സമ്മാനിച്ച് കടന്ന് പോയ നടൻ ഇന്നസെന്റിനെ ചലച്ചിത്ര ലോകത്തേക്ക് നയിച്ച സംവിധായകനും നടന്റെ ആദ്യകാല ജീവിതത്തെ സ്വകാര്യ ചാനലിന് വേണ്ടി ഇന്നസെന്റ് കഥകൾ എന്ന പേരിൽ ആവിഷ്ക്കരിച്ച തിരക്കഥാകൃത്തും ഓർത്തെടുത്തപ്പോൾ നടന്റെ ആരാധകർ കൂടിയായ ചലച്ചിത്ര ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ഇന്നസെന്റ് അനുസ്മരണമായിരുന്നു വേദി. എൺപതുകളിലെ മധ്യവർത്തി സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ ഇരിങ്ങാലക്കുട സ്വദേശി കൂടിയായ സംവിധായകൻ മോഹനും അധ്യാപക അവാർഡ് ജേതാവ് കൂടിയായ പി കെ ഭരതൻ മാസ്റ്ററുമാണ് ഓർമ്മകൾ പങ്ക് വച്ചത്. രാഷ്ട്രീയ പ്രവർത്തകനായും പലചരക്ക് കടക്കാരനായും തീപ്പെട്ടി കമ്പനി ഉടമയായും നിറഞ്ഞ് ആടിയ ഇന്നസെന്റിന്റെ അവസാനത്തെ തട്ടകമായിരുന്നു സിനിമ എന്ന് സംവിധായകൻ മോഹൻ പറഞ്ഞു. ന്യത്തശാല എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മദ്രാസിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന തന്റെ അടുത്തേക്ക് പഴയ സൗഹ്യദത്തിന്റെ പേരിൽ എത്തിപ്പെട്ട ഇന്നസെന്റിനെ പ്രൊഡക്ഷൻ മാനേജർ ആയി കൂടെ കൂട്ടുകയായിരുന്നു. ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു ഇന്നസെന്റിന്റെ തുടക്കം. പിന്നീട് നിർമ്മാണവും അഭിനയവുമായി മലയാള സിനിമയുടെ അനിവാര്യതയായി നടൻ മാറിയ കഥകളും മോഹൻ വിവരിച്ചു. ഓർമ്മ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. ട്രഷറർ ടി ജി സച്ചിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത് , എം ആർ സനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്നസെന്റ് നിർമ്മാണം നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്ത മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന ചിത്രം പ്രദർശിപ്പിച്ചു.















