98 കോടിയോളം രൂപയുടെ 147 പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൻ്റെ അംഗീകാരം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2026 -2027 വർഷത്തെ പുതുക്കിയ പദ്ധതികൾക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. 98 കോടിയോളം രൂപയുടെ 147 പദ്ധതികൾക്കാണ് ചൊവ്വാഴ്ച ചേർന്ന അടിയന്തര നഗരസഭ യോഗം അംഗീകാരം നൽകിയത്. പുതുക്കിയ പദ്ധതികൾ നാളെ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കും. നഗരസഭ പരിധിയിലെ വിവിധ റോഡുകളുടെ പുനർനിർമ്മാണം, നഗരസഭ മന്ദിരത്തിൻ്റെ മൂന്നാം നില നിർമ്മാണം , അയ്യങ്കാവ് മൈതാനത്തിൻ്റെ നവീകരണം , ടൗൺ ഹാൾ നവീകരണം, പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്തിൻ്റെ നവീകരണം, നവതി ഭവനങ്ങളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികൾക്ക് ഫണ്ടുകൾ വകയിരുത്തിയിട്ടുണ്ട് . യുദ്ധത്തെ തുടർന്നുള്ള നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് എല്ലാ എസ്റ്റിമേറ്റുകളും പുതുക്കേണ്ടി വന്നതായും മാർച്ച് 31 നകം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭ ചെയർമാൻ അറിയിച്ചു . പുതുക്കിയ പദ്ധതി നിർദ്ദേശങ്ങളുടെ പട്ടിക യോഗത്തിന് അഞ്ച് മിനിറ്റ് മുമ്പാണ് ലഭിച്ചതെന്നും പഠിക്കാൻ കൂടുതൽ സമയം വേണമെന്നും പൊറത്തിശ്ശേരി മേഖലയ്ക്ക് പ്രാധാന്യം കുറഞ്ഞ് പോയെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും തകർന്ന് കിടക്കുന്ന കരുവന്നൂർ പ്രിയദർശിനി ഹാളിനായി പദ്ധതി ഇല്ലെന്നും പ്രതിപക്ഷ അംഗങ്ങളായ ടി കെ ഷാജുട്ടൻ , പി വി ശിവകുമാർ, സി സി ഷിബിൻ തുടങ്ങിയവർ വിമർശിച്ചു. പ്രിയദർശിനി ഹാളിനായി കഴിഞ്ഞ വർഷങ്ങളിൽ 30 ലക്ഷം രൂപ ചിലവഴിച്ചതാണെന്നും വികസനം സംബന്ധിച്ച കാഴ്ചപ്പാടുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പൊറത്തിശ്ശേരി മേഖലയിൽ നിന്നും 15 സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും ചെയർമാൻ മറുപടി നൽകി. പല പദ്ധതികളും കടലാസിൽ മാത്രമായി നിലകൊള്ളുകയാണെന്നും ദീർഘകാലമായി നഗരസഭ ഭരിച്ചത് കാഴ്ചപ്പാട് ഇല്ലാത്തവരാണെന്നാണോ ചെയർമാൻ ഉദ്ദേശിച്ചതെന്നും എൽഡിഎഫ് അംഗം വിഷ്ണു പ്രഭാകരൻ ചോദിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു















