കോമ്പാറയിൽ ഓഷോ പെറ്റ് കെയർ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി

കോമ്പാറയിൽ ” ഓഷോ പെറ്റ് കെയർ ” പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായി; മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കി നവംബർ 18 നുള്ളിൽ സ്ഥാപനം അടച്ച് പൂട്ടാൻ നോട്ടീസ് നൽകി വേളൂക്കര പഞ്ചായത്ത് അധികൃതർ

 

ഇരിങ്ങാലക്കുട : ലൈസൻസ് ഇല്ലാതെ കോമ്പാറയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന ” ഓഷോ പെറ്റ് കെയർ ” എന്ന സ്ഥാപനത്തിനെതിരെ അടച്ച് പൂട്ടൽ നടപടിയുമായി വേളൂക്കര പഞ്ചായത്ത്. ഇരിങ്ങാലക്കുട സ്വദേശികളായ ഡോ സിതാര യേശുദാസ് , ഷാൻ്റോ പോൾ എന്നിവരുടെ വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ ഒന്നര വർഷമായി ലൈസൻസ് ഇല്ലാതെയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെയുമാണ് തൃശ്ശൂർ അരണാട്ടുകര സ്വദേശി വി എൽ ജിനിയുടെ നേതൃത്വത്തിൽ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ , സെക്രട്ടറി വി എസ് ആകാശ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ നേതൃത്വത്തിൽ നേരിട്ട് എത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു . വാടക കരാറിൽ പറഞ്ഞിരുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് വീടിൻ്റെ ഉടമസ്ഥർ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് സ്ഥാപന ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഇരുകൂട്ടരെയും വിളിച്ച് അദാലത്ത് നടത്തുകയും അടച്ച് പൂട്ടണമെന് ആവശ്യപ്പെട്ട് നവംബർ 7 ന് നോട്ടീസും പഞ്ചായത്ത് നൽകിയിരുന്നു. ലൈസൻസ് ഇല്ലാതെ മൃഗാശുപത്രിക്ക് സമാനമായിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും നിലവിൽ സ്ഥാപനത്തിൽ ഉള്ള പത്തോളം മൃഗങ്ങളെ ഉടമസ്ഥരെ തിരിച്ച് എൽപ്പിച്ച് സ്ഥാപനം നവംബർ 18 നുള്ളിൽ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു

Please follow and like us: