ഠാണാ ചന്തക്കുന്ന് വികസനം; ഡിവൈഡർ നിർമ്മാണത്തിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ പ്രകടനം
ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണത്തിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കഴിഞ്ഞ ദിവസം സെൻ്റ് തോമസ് കത്തീഡ്രൽ അധികൃതരുടെ നേതൃത്വത്തിൽ ഡിഡൈവഡർ നിർമ്മാണം പിൻവലിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ മത സാമുദായിക നേതാക്കൾ, വ്യാപാരികൾ എന്നിവരെ ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. അശാസ്ത്രീയമായ ഡിവൈഡർ നിർമ്മാണം പിൻവലിക്കണമെന്ന ആവശ്യം ഉയർത്തി ഠാണാ മേഖലയിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. വിഷയത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്ന കെഎസ്ടിപി അധികൃതരുമായി അടുത്ത ദിവസം ചർച്ച നടക്കാനിരിക്കെയാണ് വിഷയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് കൊണ്ട് വൈകീട്ട് ചന്തക്കുന്ന് മുതൽ ഠാണാ ജംഗ്ഷൻ വരെ പ്രകടനം നടത്തിയത്. കെഎസ്ടിപി നീതി പാലിക്കുക, വികസനത്തിൻ്റെ പേരിൽ പട്ടണത്തിൻ്റെ ഹൃദയഭൂമി വെട്ടിമുറിയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. തുടർന്ന് ഠാണാ ജംഗ്ഷനിൽ നടന്ന യോഗത്തിൽ സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ, സെക്രട്ടറി ഷൈജോ ജോസ്, സീനിയർ വൈസ് പ്രസിഡൻ്റ് ടി സി ആൻ്റു, ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ബിജു പോൾ അക്കരക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു















