41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് ; മാന്നാനം സെൻ്റ് എഫ്രേമും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയെ 83- 62 എന്ന സ്കോറിന് മാന്നാനം സെൻ്റ് എഫ്രേം ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് ടാബോർ പത്തനാപുരത്തെ 68-52 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രൊവിഡൻസ് ജി എച്ച് എസ് എസ് കോഴിക്കോട് ജേതാക്കളായി. മികച്ച താരങ്ങൾക്കുള്ള ഡോ രാജു എൻ കുര്യൻ അവാർഡ് പെൺകുട്ടികളിൽ പ്രൊവിഡൻസ് കോഴിക്കോടിലെ ശ്രിയക്കും ആൺകുട്ടികളിൽ സെന്റ് എഫ്രേം മാന്നാനത്തിലെ അക്ഷയ് അലക്സിനും ലഭിച്ചു.സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം ടി.കെ. ശേഷാദ്രി മുഖ്യാതിഥിയായി. ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ , ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.















