നഗരഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായി; പരിഹാരമാകുന്നത് രണ്ട് വർഷം നീണ്ട വയോധികരുടെ ഭീതികൾക്കും പരാതികൾക്കും…

ഇരിങ്ങാലക്കുട : നഗരഹൃദയത്തിൽ വഴി യാത്രക്കാർക്കും അടുത്തുള്ള വയോധികദമ്പതികൾക്കും ഭീഷണിയായി നില കൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായതായി സൂചന.ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിൽ തെക്കേക്കര വീട്ടിൽ ആൻ്റണിയുടെയും (90 വയസ്സ് ) , ഭാര്യ സിസിലിയുടെയും (80 വയസ്സ്) വർഷങ്ങളായുള്ള പരാതികൾക്കും ഭീതികൾക്കുമാണ് ഒടുവിൽ പരിഹാരമാകുന്നത്. തങ്ങളുടെ ജീവന് ഭീഷണിയായി വീടിനോട് ചേർന്ന് നിലകൊള്ളുന്ന കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന് രണ്ട് വർഷം മുമ്പ് തന്നെ ഇരുവരും അധികാരികൾക്ക് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച നഗരസഭ ഉദ്യോഗസ്ഥർ പരാതിക്കാരും കെട്ടിടത്തിൻ്റെ ഉടമയായ കൊടയ്ക്കാടൻ ബാബുവും തമ്മിൽ നടത്തിയ ചർച്ചയിൽ ദുർബലമായ കെട്ടിടം പൊളിച്ച് നീക്കാൻ ഉടമസ്ഥൻ സമ്മതിക്കുകയായിരുന്നു. കെട്ടിടം പൊളിച്ച് നീക്കുന്ന പണികൾ അടുത്ത ആഴ്ച അവസാനത്തോടെ ആരംഭിക്കും. വയോധികദമ്പതികൾക്ക് ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ച് നീക്കേണ്ടതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു താലൂക്ക് വികസന സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. കെട്ടിടം അപകടാവസ്ഥയിൽ ആണെന്നും നഗരസഭ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും സ്ഥലം സന്ദർശിച്ച ആർഡിഒ യും ആവശ്യപ്പെട്ടിരുന്നു.















