ജനപ്രതിനിധികളെ മറികടന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; ആരോഗ്യകേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന 39. 58 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം …
ഇരിങ്ങാലക്കുട : ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ മാനിക്കാതെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ഹരിത കർമ്മസേനയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടി താൻ അറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്താണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. സ്റ്റാന്റിംഗ് കമ്മിറ്റി അറിയാതെ ഒരു പരിഷ്ക്കാരത്തിനും നടപ്പാക്കേണ്ടതില്ലെന്നും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും തുടർന്ന് കുറ്റപ്പെടുത്തി. പട്ടണത്തിലെ വിവിധ റോഡുകളിൽ പുല്ലുകൾ ക്രമാതീതമായി വളർന്ന് കഴിഞ്ഞുവെന്നും എന്നാൽ ഇവ വെട്ടിക്കുന്ന കാര്യത്തിൽ ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നില്ലെന്നും നഗരസഭയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണം കൂടുതലാണെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും പറഞ്ഞു. വാർഡുകളിലെ പുല്ല് വെട്ടൽ കൃത്യമായി നടക്കുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങളായ അഡ്വ ജിഷ ജോബി , ഷെല്ലി വിൽസൻ എന്നിവരും കുറ്റപ്പെടുത്തി. വിവിധ വാർഡുകളിലെ പുല്ല് വെട്ടൽ സംബന്ധിച്ച് ചാർട്ട് തയാറാക്കിയിട്ടുണ്ടെന്നും ജെഎച്ച് ഐ മാർ ഇതിന് മേൽനോട്ടം വഹിക്കണമെന്നും വിമർശനങ്ങൾക്ക് മറുപടിയായി ചെയർ പേഴ്സൺ പറഞ്ഞു.
എംപി ഫണ്ട് ഉപയോഗിച്ച് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ഹൈ / മിനി മാസ്റ്റ് ലൈറ്റുകളുടെ പട്ടികയിൽ പൊറത്തിശ്ശേരി മേഖലയ്ക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നും പരാതി ഉയർന്നു. ഭരണപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക് എംഎൽഎ ഫണ്ട് ലഭിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഭരണകക്ഷി അംഗം ബൈജു കുറ്റിക്കാടൻ പറഞ്ഞു. അപേക്ഷകളും ആവശ്യങ്ങളും കണ്ടറിഞ്ഞാണ് എംപി വിവിധ വാർഡുകളിലേക്ക് ലൈറ്റുകൾ അനുവദിച്ചിരിക്കുന്നതെന്നും മാലിന്യ സംസ്കരണ പദ്ധതിക്കായി എംഎൽഎ ഫണ്ട് കിട്ടിയിട്ടില്ലെന്നും രണ്ട് വർഷത്തിനുളളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കും പൊറത്തിശ്ശേരി പിഎച്ച്സി യിലേക്കും പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 39.58 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.
നഗരസഭയിൽ ക്യത്യമായ ഫയലിംഗ് സംവിധാനം നടപ്പിലാക്കണമെന്നും ഫയലുകൾ അപ്രത്യക്ഷമാകുന്ന സ്ഥിതി വിശേഷം തുടരുകയാണെന്നും പ്രതിപക്ഷ അംഗം കെ പ്രവീൺ പറഞ്ഞു. വിഷയം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും റെക്കോർഡ്‌സ് റൂം സജ്ജീകരിച്ച് വരികയാണെന്നും ചെയർ പേഴ്സൺ മറുപടി നൽകി. നഗരസഭ പരിധിയിലെ കോൺക്രീറ്റ് നവീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി അംഗം സന്തോഷ് ബോബനും ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർപേഴ്സൺ
സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി കെ ജയാനന്ദൻ , ടി കെ ഷാജു, വിജയകുമാരി അനിലൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.















