ട്രിച്ചി മോഡൽ സ്വകാര്യ ബസ് സ്റ്റാൻ്റ് നിർമ്മിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പദ്ധതി നഗരസഭ

വിസ്മയങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള പദ്ധതി വരുന്നു; മൂർക്കനാട് പ്രദേശത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിലുറച്ച് നഗരസഭ അധികൃതർ

ഇരിങ്ങാലക്കുട : വിസ്മയങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ. പഴയ ബസ് സ്റ്റാൻഡ് മന്ദിരം പൊളിച്ച് മാറ്റി ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് പ്രവേശിക്കുകയാണ് നഗരസഭ ഭരണസമിതി. കിഴക്ക് വശത്തുള്ള പഴയ ഇരുനില കെട്ടിടം പൊളിച്ച് കളഞ്ഞും സ്റ്റാൻ്റിൻ്റെ വടക്കു വശത്തുള്ളതും ഫാഷൻ ഇൻസ്റ്റിട്യൂട്ട് കെട്ടിടം പ്രവർത്തിക്കുന്നതുമായ ഒന്നര എക്കറോളം സ്ഥലം എറ്റെടുത്തും ട്രിച്ചി മോഡൽ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി വിശദമായ പദ്ധതി രേഖ ക്ഷണിക്കാൻ നഗരസഭ യോഗം തീരുമാനിച്ചു. നൂറിൽ അധികം വർഷം പഴക്കമുള്ള മാർക്കറ്റിൻ്റെ പൈതൃക സ്വഭാവം നിലനിർത്തി ഷോപ്പിംഗ് കോംപ്ലക്സ് കം മാർക്കറ്റ് നിർമ്മിക്കാനുള്ള പദ്ധതി രേഖ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.

പുലർച്ചെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നഗരസഭ ഓഫീസിൻ്റെ അടുത്ത് പാർക്ക് റോഡിലും മറ്റുമുള്ള വെള്ളക്കെട്ട് വിഷയത്തിൻ്റെ ചർച്ചയോടെയാണ് യോഗം ആരംഭിച്ചത്. വീതി കുറച്ച് കൊണ്ട് കാന നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നും വിജിലൻസിൽ പോകേണ്ടി വരുമെന്നും എൽഡിഎഫ് അംഗം പി വി ശിവകുമാർ പറഞ്ഞു . ഷീ ലോഡ്ജിൻ്റെ മുന്നിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ മാലിന്യങ്ങൾ വന്ന് അടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും കാനകളുടെ വീതിക്കുറവ് പരിശോധിക്കാമെന്നും ചെയർമാൻ മറുപടി നൽകി.

നഗരസഭയിലെ ജീവനക്കാരൻ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വിഷയത്തിൽ എന്താണ് സംഭവച്ചിതെന്ന വിശദീകരിക്കാൻ ചെയർമാനും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും സാധാരണക്കാരുടെ നികുതി പണമാണ് കവർന്നിട്ടുള്ളതെന്നും ബിജെപി അംഗം ടി കെ ഷാജു പറഞ്ഞു .

മൂർക്കനാട് ഡോഗ് ഷെൽട്ടർ നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായി ഭൂമിയുടെ തരം മാറ്റൽ പ്രക്രിയ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഷെൽട്ടറിന് എതിരായി സമരം ചെയ്യുന്നവരുടെ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും ചെയർമാൻ അറിയിച്ചു.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: