” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; തൃശ്ശൂർ റൂറലിൽ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികൾ കൂടി ജയിലിൽ
ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടത്തുന്ന പരിശോധനകളെ തുടർന്ന് അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ ഹരികൃഷ്ണ (29) , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി എടക്കൂക്കാരൻ വീട്ടിൽ സിനാൻ (23), ചെങ്ങാലൂർ ശാന്തിനഗർ മുല്ലക്കര വീട്ടിൽ മനീഷ് (32),കൊടകര പുത്തുകാവ് കലാനഗർ നമ്പുകുളങ്ങര വീട്ടിൽ മാണിക്യൻ എന്ന മനോജ് (43), ഉത്തർ പ്രദേശ് സ്വദേശിയായ റോഷൻ സോങ്കർ (33 വയസ്സ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
മയക്ക് മരുന്ന് ഉപയോഗിച്ച കുറ്റത്തിന് നന്തിക്കര സ്വദേശി മൂത്താരൻ വീട്ടിൽ ധൻലാൽ (22), കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച്, കൊരട്ടി തെക്കുംമുറി മാമ്പ്ര എരയംകുടി സ്വദേശി വെഞ്ചനപ്പിള്ളി വീട്ടിൽ അമേഘ് (18), വലപ്പാട് കോതകുളം ബീച്ച് സ്വദേശി മൈലാഞ്ചിപ്പറമ്പിൽ വീട്ടിൽ ആദർശ് (18), മാള പൊയ്യ സ്വദേശി കരുവൻ വീട്ടിൽ രാഹുൽരാജ് (23), ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി മൂണക്കപ്പറമ്പിൽ വീട്ടിൽ ഷനൂപ് (30) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും വലപ്പാട്, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടകര, കൊരട്ടി, മാള, കയ്പമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.















