
ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് ഫലം; തോൽവി സൂക്ഷ്മതലത്തിൽ വിലയിരുത്തണമെന്ന്
ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് ഫലം; തോൽവി സൂക്ഷ്മതലത്തിൽ വിലയിരുത്തണമെന്ന് കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രദീപ് മേനോൻ ; അഭിപ്രായങ്ങളെ സിപിഎം എരിയ നേതൃത്വം വൈരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും തിരുത്താൻ തയ്യാർ ആകുന്നില്ലെന്നും വിമർശനം
ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ തുടർന്ന് ഇരിങ്ങാലക്കുടയിലും ഇടതുപക്ഷ സഹയാത്രികരിൽ നിന്ന് വിമർശനം ഉയരുന്നു. പഠനകാലം മുതൽ തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും പ്രവാസകാലത്തും പ്രവർത്തനങ്ങൾ തുടരുകയും നാട്ടിൽ തിരിച്ച് എത്തിയതിന് ശേഷം ശ്രീ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ചെയർമാൻ, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുകയും പ്രദീപ് മേനോനാണ് സിപിഎം ഇരിങ്ങാലക്കുട എരിയ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ശൈലിയ്ക്ക് എതിരായി രംഗത്ത് വന്നത്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ എരിയ നേതൃത്വം കാണുന്നില്ലെന്നും വൈരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ഇട്ട പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രദീപ് മേനോൻ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ദേവസ്വം ബോർഡ് ചെയർമാനായി നടത്തിയ പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടായി. ബാങ്കിംഗ് ഇതര പ്രവർത്തനങ്ങളുമായി കല്ലംകുന്ന് സർവീസ് ബാങ്കിനെ മികച്ച രീതിയിലാണ് നയിച്ചത്. പാർട്ടി പറഞ്ഞിട്ടാണ് വീണ്ടും കല്ലംകുന്ന് സർവീസ് ബാങ്ക് ഭരണസമിതിയിലേക്ക് മൽസരിച്ചത് . വിജയത്തിന് ശേഷം ഒരു അറിയിപ്പ് പോലുമില്ലാതെ തന്നെ നേതൃത്വത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഭരണസമിതി സ്ഥാനം രാജി വച്ചത്. ബാങ്കിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നാമമാത്രമാണ്. ഇക്കാര്യങ്ങൾ എല്ലാം ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ താൻ മാറി നില്ക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായിരുന്ന ഡോ ആർ ബിന്ദുവിൻ്റെ തോൽവി സൂക്ഷ്മതലത്തിൽ പരിശോധിക്കേണ്ടതുണ്ട്. പല കാര്യങ്ങളും പറഞ്ഞ് കേൾക്കുന്നുണ്ട്. ജില്ലയിൽ സിപിഎം പരാജയം നേരിട്ട എക സീറ്റ് കൂടിയാണ് ഇരിങ്ങാലക്കുടയെന്നും പ്രദീപ് മേനോൻ പറഞ്ഞു.
Please follow and like us:
2026-05-09














