കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക് ; നിശ്ചലമായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുളള ശ്രമങ്ങളിൽ കെഎസ്ഇബി അധികൃതർ; ജല വിതരണം ഉച്ചയോടെ പുനരാരംഭിച്ച് വാട്ടർ അതോറിറ്റി
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ മരങ്ങൾ വീണും മറ്റും ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക്. മുരിയാട് പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15 വീടുകൾക്കും വേളൂക്കര , പടിയൂർ പഞ്ചായത്തുകളിൽ ഒരോ വീടുകൾക്കുമാണ് മരങ്ങൾ വീണും ഷീറ്റുകൾ തകർന്നും മതിൽ ഇടിഞ്ഞും സോളാർ പാനലുകൾ തകർന്നും നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
അതേ സമയം കാറ്റിൽ മരങ്ങൾ വീണ് പോസ്റ്റുകളും ലൈൻകമ്പികളും തകർനതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് കെഎസ്ഇബി അധികൃതർ. കെഎസ്ഇബി നമ്പർ വൺ സെക്ഷന് കീഴിൽ ആറ് ഫീഡറുകളും റീചാർജ്ജ് ചെയ്തതായും തകർന്ന ഒൻപത് എൽടി പോസ്റ്റുകൾ മാറ്റിയതായും 16 കേന്ദ്രങ്ങളിൽ ലൈൻക്കമ്പികൾ കെട്ടിക്കഴിഞ്ഞതായും നമ്പർ ടു സെക്ഷനിൽ 11 കെവി ലൈനുകൾ അധികവും ചാർജ്ജ് ചെയ്തു കഴിഞ്ഞതായും മണ്ഡലത്തിലെ വൈദ്യുതി വിതരണം എൺപത് ശതമാനവും പുനസ്ഥാപിച്ച് കഴിഞ്ഞതായും കൂടുതൽ ജീവനക്കാരെ എത്തിച്ച് തിങ്കളാഴ്ച വൈകീട്ടോടെ വൈദ്യുതി വിതരണം പൂർണ്ണമായും പുനസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. മരങ്ങൾ മുറിച്ച് നീക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിൽ കെഎസ്ഇബി ജീവനക്കാരോടൊപ്പം ഫയർ ഫോഴ്സ് ജീവനക്കാരും സജീവമായി രംഗത്ത് ഉണ്ടായിരുന്നു . അതേ സമയം മണിക്കൂറുകളായി മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ ഗാന്ധിഗ്രാമിലുള്ള നമ്പർ ടു ഓഫീസിൽ വൈകീട്ട് എത്തിയിരുന്നു. വൈദ്യുതി തടസ്സങ്ങളെ തുടർന്ന് മുടങ്ങിയ ജലവിതരണം ഞായറാഴ്ച ഉച്ചയോടെ പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റിയും അറിയിച്ചു.















