തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; അടുക്കും ചിട്ടയുമായി ഊട്ടുപുരയും; തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകളുമായി സംഘാടകർ
ഇരിങ്ങാലക്കുട : കലയുടെയും സർഗ്ഗാത്മകതയുടെയും സൗന്ദര്യം നിറയുന്ന കലാവേദികളുടെ ആവേശം ഊട്ടുപ്പുരയിലും. നാല് ദിവസങ്ങളിലായി 22 വേദികളിൽ നടക്കുന്ന കലോൽസവത്തിൽ യുപി തലം മുതൽ ഹയർസെക്കൻഡറി വരെയായി എണ്ണായിരത്തോളം കലാ പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഇവരെ കൂടാതെ അധ്യാപകർ, സംഘാടകർ, പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഗമ പുരിയിൽ കലോൽസവത്തിൻ്റെ ഭാഗമായി എത്തുന്നുണ്ട്. മുഖ്യ വേദിയായ ടൗൺ ഹാളിന് അടുത്തുള്ള ഗായത്രി ഹാളിലാണ് നാല് നേരങ്ങളിലായി ഇവർക്ക് ഭക്ഷണം നൽകുന്നത്. തിരക്ക് ഒഴിവാക്കാൻ ആറ് കൗണ്ടറുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 7 ന് പ്രാതൽ, ഉച്ചയ്ക്ക് 11.30 മുതൽ സദ്യ , വൈകീട്ട് 4 ന് ചായ , രാത്രി 7.30 മുതൽ ഭക്ഷണം എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനത്തിൽ ഉച്ചഭക്ഷണത്തിനായി മാത്രം എത്തിയത് 4500 പേരാണെന്ന് ഭക്ഷണത്തിൻ്റെ ചുമതല വഹിക്കുന്ന അധ്യാപക സംഘടനയായ കെഎസ്ടിഎ പറയുന്നു. സംസ്ഥാന കായിക മേള അടക്കമുള്ള പരിപാടികളുടെ ഊട്ടുപുരയ്ക്ക് നേതൃത്വം നൽകിയിട്ടുള്ള കൊടകര ഐക്കൺ കാറ്ററേഴ്സ് ഉടമ കാവിൽ എടയപ്പുറത്ത് അയ്യപ്പദാസാണ് കരാർ എറ്റെടുത്തിട്ടുള്ളത്. പത്ത് തരം വിഭവങ്ങളുമായിട്ടാണ് സദ്യ ഒരുക്കുന്നത്. രാവിലെ 7 മുതൽ രാത്രി വരെ നീളുന്ന പരിപാടികൾക്ക് നേതൃത്വം നൽകാൻ കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി സജി സി പോൾസൺ എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ അധികം അധ്യാപകരും എൻഎസ്എസ്, എസ്പിജി വിദ്യാർഥികളുമുണ്ട്. ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കിയാണ് പ്രവർത്തനങ്ങൾ. എഴ് ലക്ഷത്തോളം രൂപയാണ് ഊട്ടുപുര ഇനത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്. 21 ന് വൈകീട്ട് 4 വരെ ഊട്ടുപുര പ്രവർത്തിക്കും.















