അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ്റെ നേതൃത്വത്തിലുള്ള കേരള സ്റ്റാർട്ടപ്പ്
തൃശ്ശൂർ : അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി കേരള സ്റ്റാർട്ടപ്പ് . ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്യുകയും ഒറ്റപ്പാലം കിൻഫ്ര ഡിഫെൻസ് പാർക്കിൽ നിർമ്മാണ യൂണിറ്റ് ഉള്ളതുമായ ജോയ്ഫീൻ സസ്റ്റൈനബിൾ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിശ്രിതം ആക്കാൻ മിനറൽ ഓയിൽ ഉപയോഗിക്കാത്തത് മൂലം ” ഗ്രാഫിൻഗ്ലൈഡ് ” പരിസ്ഥിതി സൗഹാർദ്ദപരമാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ വി ടി ജോയി പറയുന്നു. തുരുമ്പ് മൂലം പ്രവർത്തന ശേഷി നഷ്ടപ്പെടുന്ന ഉപകരണങ്ങളുടെയും മെഷീനുകളുടെയും ശേഷി വീണ്ടെടുക്കാൻ ഗ്രാഫിൻ ഗ്ലൈഡിന് കഴിയും. മെറ്റൽ പ്രതലത്തിൽ ഗ്രാഫിൻ കോട്ടിംഗ് വരുന്നത് കാരണം ഭാവിയിൽ തുരുമ്പ് വരാതിരിക്കാനും സഹായിക്കും. ഡ്രൈ ലൂബ്രിക്കൻ്റ് ആയതിനാൽ കാലാവസ്ഥ അനുസരിച്ച് ഗ്രാഫിൻ ഗ്ലൈഡിൻ്റെ പ്രവർത്തനശേഷിക്ക് മാറ്റം സംഭവിക്കുന്നുമില്ല. ഒരു വർഷത്തോളമായി വീടുകളിലെ വാട്ടർ പമ്പുകൾ, സീലിംഗ് ഫാനുകൾ, തയ്യൽ മെഷീനുകൾ, ഗേറ്റുകൾ എന്നിവയിൽ പരീക്ഷിച്ച ശേഷമാണ് ഇപ്പോൾ ഉൽപ്പന്നത്തിൻ്റെ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ആമസോണിൽ ലോഞ്ച് ചെയ്തിട്ടുള്ള ” ഗ്രാഫിൻഗ്ലൈഡ് ” മൂന്ന് മാസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാക്കും. ഉൽപ്പന്നം വികസിപ്പിച്ചെടുക്കാൻ സംഘത്തിൽ ഡോ വി ടി ജോയിയോടൊപ്പം ഗവേഷകരായ നിഖില സിബി, ഫാത്തിമാതുൾ റിസ, ഷിഗിന എന്നിവരും ഉണ്ടായിരുന്നു.















