മുപ്പത്തിയാറാമത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യ ഭൂമിയിൽ തുടക്കമായി….

ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുകുലത്തിന്റെ വാർഷിക ആഘോഷമായ കൂടിയാട്ട മഹോത്സത്തിന് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ തുടക്കമായി. ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുകുലത്തിലെ ആചാര്യനായിരുന്ന അമ്മന്നൂർ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുൻപിൽ വേണുജി ഭദ്രദീപം തെളിയിച്ചു. തുടർന്ന് കാലടി ശങ്കരാചാര്യ സർവകലാശാല
അസി.പ്രൊഫസർ ആയ ഉഷാ നങ്ങ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിതാ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുകുലം സംവിധാനം ചെയ്ത ദാസന്റെ പ്രതിമാനാടകത്തിലെ അഞ്ചാമങ്കമായ രാവണാങ്കം അരങ്ങേറി .പഞ്ചവടിയിൽ ലക്ഷ്മണൻ ഉണ്ടാക്കിയ ആശ്രമത്തിൽ അധിവസിക്കുന്ന രാമന്റെയും സീതയുടേയും അടുത്തേക്ക് സന്യാസ വേഷം ധരിച്ച രാവണൻ എത്തുകയും അഛനായ ദശരഥന്റെ ശ്രാദ്ധകർമ്മത്തിന് വൈഖാനസമൃഗമാണ് നല്ലതെന്ന് പറഞ്ഞ് രാമനെ വിശ്വസിപ്പിച്ച് അ മൃഗത്തിനെ പിടിക്കാൻ രാമൻ പോയ സമയത്ത് സീതയെ അപഹരിക്കുന്നതുമാണ് കൂടിയാട്ടത്തിന്റെ കഥാഭാഗം. പന്ത്രണ്ട് ദിവസം നീണ്ടു നില്ക്കുന്ന മഹോത്സവത്തിൽ രണ്ടാം ദിവസമായ തിങ്കളാഴ്ച കപില വേണു രാസക്രീഡ നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ,കലാമണ്ഡലം വിജയ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ ,താളത്തിൽ സരിതാകൃഷ്ണകുമാർ , ആരിരാ ഹരിഹരൻ ,ഗുരുകുലം ശ്രുതി, അഞ്ജനാ , ഗുരുകുലം അക്ഷര ഗുരുകുലം, അതുല്ല്യ ,ചമയത്തിൽ കലാനിലയം ഹരിദാസ് , കലാനിലയം സുന്ദരൻ എന്നിവരും പങ്കെടുത്തു.















