കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിൽസ മുടങ്ങിയ മാപ്രാണം സ്വദേശിക്ക് മന്ത്രി നേരിട്ടെത്തി തുക കൈമാറി; സഹകരണ മേഖലയെ സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്‍.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാഞ്ഞ തിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ തടസപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോല പറമ്പില്‍ ജോസഫിന്റെ കുടുംബത്തിനാണ് പണം കൈമാറിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്. 10,30,000 രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ ജോസഫ് നിക്ഷേപിച്ചത്. സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ സഹകരണ സ്ഥാപനങ്ങളെ കാത്തു സംരക്ഷിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ജോസഫിന് ചെക്ക് കൈമാറിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സഹകരണ മന്ത്രി നടപ്പാക്കുന്ന പദ്ധതിയുമായാണ് കരുവന്നൂര്‍ ബാങ്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് സര്‍ക്കാര്‍ നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിലെയും ബാങ്കിലെയും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.















