തുടർച്ചയായ മഴയിൽ മുരിയാട് കോൾനിലങ്ങൾ വെള്ളക്കെട്ടിൽ; കോന്തിപുലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച താത്കാലിക തടയണ പൊളിച്ച് നീക്കി; കോന്തിപുലത്ത് സ്ഥിരം തടയണ എന്ന ബജറ്റ് പ്രഖ്യാപനം കടലാസിൽ തന്നെ …

ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ മുരിയാട് കോൾനിലങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോന്തിപുലം പാലത്തിന് സമീപം കെഎൽഡിസി കനാലിൽ താത് കാലികമായി നിർമ്മിച്ച തടയണ കരാറുകാരന്റെ നേത്യത്വത്തിൽ പൊളിച്ചു നീക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് , പറപ്പൂക്കര, വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ അയ്യായിരത്തോളം ഏക്കർ വരുന്ന കോൾപ്പാടങ്ങളിൽ ജലസേചനത്തിനായി വെള്ളം സംഭരിക്കാനാണ് ഓരോ വർഷവും ഇവിടെ തടയണ കെട്ടുന്നത്. ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചുള്ള താത്കാലിക തടയണയുടെ നിർമ്മാണം മുക്കാൽ ഭാഗവും പൂർത്തീകരിച്ച ഘട്ടത്തിലാണ് തടയണ പൊളിച്ച് നീക്കേണ്ടി വന്നത്. നിർമ്മാണത്തിനായി ചിലവഴിച്ച ലക്ഷങ്ങളും ഇതോടെ പാഴായി. കോന്തിപുലത്ത് സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. സ്ഥിരം തടയണ സ്ഥാപിക്കുമെന്ന് സർക്കാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. നിർമ്മാണത്തിനായി ടോക്കൺ തുക മാത്രമേ ബജറ്റിൽ വകയിരുത്തിയിട്ടുള്ളൂവെന്നും ഇരുപത് ശതമാനമെങ്കിലും വകയിരുത്തിയെങ്കിൽ മാത്രമേ നിർമ്മാണ പ്രവ്യത്തികളിലേക്ക് കടക്കാൻ കഴിയുകയുള്ളുവെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കോന്തിപുലത്ത് സ്ഥിരം തടയണ സ്ഥാപിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ടി കെ ഷാജുട്ടൻ,വാർഡ് കൗൺസിലർ ആർച്ച അനീഷ്, സന്തോഷ് കാര്യാടൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.















