അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ആളൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : അതിമാരക രാസലഹരിയായ എംഡിഎംഎ യും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ആളൂർ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കൽ വീട്ടിൽ ബിനു (26) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എംഡിഎംഎ യും വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 22,000 രൂപയും എംഡിഎംഎ യുടെ ചില്ലറവിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. അറസ്റ്റിലായ ബിനു ആളൂർ, കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.തൃശ്ശൂർ റൂറൽ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗംഗാധരൻ, കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, മാള സർക്കിൾ ഇൻസ്പെക്ടർ ഷാജു എ എൻ ഡാൻസാഫ് എസ്.ഐമാരായ ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീനിവാസൻ എം.എസ്, ജി.എ.എസ്.ഐമാരായ ഷിജോ, മിനിമോൾ, സി.പി.ഒമാരായ അജീഷ്, അഭിജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.















