ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം ഉപയോഗാനുമതിയുമായി പോലീസ് വകുപ്പിന് നൽകി കഴിഞ്ഞതായി റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിർത്തി കൊണ്ട് പോലീസ് വകുപ്പിന് ഉപയോഗാനുമതി നൽകി 2024 ആഗസ്റ്റ് 19 ന് ജില്ലാ കളക്ടർ ഉത്തരവായതാണെന്ന് റവന്യൂ അധികൃതർ. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് തഹസിൽദാർ ആൻ്റോ ജേക്കബ് ഇക്കാര്യം വിശദീകരിച്ചത്. ബിടിആർ പ്രകാരം പുറമ്പോക്ക് പോലീസ് സ്റ്റേഷൻ എന്നും സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എന്നുമാണ് സ്ഥലത്തെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തഹസിൽദാർ അറിയിച്ചു.
പുതിയ കോർട്ട് കോംപ്ലക്സ് പ്രവർത്തനക്ഷമമാകുന്നതോടെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പാർക്കിംഗ് പ്രശ്നവും ഗതാഗത കുരുക്കിനും പരിഹാരമാകുമെന്ന് യോഗത്തിൽ തഹസിൽദാർ അറിയിച്ചു.
വെള്ളാങ്ങല്ലൂരിൽ കെഎസ്ടിപി യുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നടന്നിട്ടില്ലെന്നും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും അപകടങ്ങളും ഉണ്ടാകുന്നുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി യോഗത്തിൽ ചൂണ്ടിക്കാട്ടി. പടിയൂർ പുളിക്കലച്ചിറ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്ത് ഭരണ സമിതി എടുത്ത് കഴിഞ്ഞതായി പ്രസിഡണ്ട് കെ പി കണ്ണൻ അറിയിച്ചു.
വിട പറഞ്ഞ ഗായകൻ പി ജയചന്ദ്രൻ്റെ പേരിൽ ഇരിങ്ങാലക്കുടയിൽ സ്മാരകം നിർമ്മിക്കണമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും രാമേശ്വരത്തേക്കും വേളാങ്കണ്ണിയിലേക്കും സർവീസ് ആരംഭിക്കണമെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീനും യോഗത്തിൽ ആവശ്യപ്പെട്ടു . ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡിനെക്കാൾ ഉയരത്തിലായുള്ള മൂന്ന് സ്ലാമ്പുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇവ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ പ്രതിനിധി കെ എസ് പ്രസാദ് ആവശ്യപ്പെട്ടു
യോഗത്തിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.















