ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം ; ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2026 – 27 വാർഷിക പദ്ധതി ഭേദഗതികൾക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. ബജറ്റ് വിഹിതമായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടൈഡ് , അൺടൈഡ് വിഭാഗങ്ങളിലായി 18 കോടി രൂപ ലഭിക്കാനുണ്ടെന്നും എല്ലാ പ്രവ്യത്തികളും പൂർത്തീകരിക്കാൻ കഴിയുമെന്നും ഇത് സംബന്ധിച്ച ചർച്ചയിൽ ചെയർമാൻ വ്യക്തമാക്കി.

തദ്ദേശസ്ഥാപനങ്ങളുടെ അവസാന ഗഡു സർക്കാർ വെട്ടിക്കുറച്ചതോടെ എഴ് കോടിയോളം രൂപ നഗരസഭയ്ക്ക് നഷ്ടമായിട്ടുണ്ടെന്നും ഇത് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നഗരസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കണമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ആവശ്യപ്പെട്ടു. ഇത്തരം നിയന്ത്രണങ്ങളും ഫണ്ട് നഷ്ടപ്പെടലും മുൻപും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുൻ പേഴ്സൺ കൂടിയായ സുജ സഞ്ജീവ്കുമാർ വിശദീകരിക്കാൻ ആരംഭിച്ചപ്പോൾ തൻ്റെ ചോദിച്ചത് ചെയർമാനോടായിരുന്നു എന്ന് പറഞ്ഞ് ശിവകുമാർ എഴുന്നേറ്റു. പൊതുപ്രവർത്തകർക്ക് സഹിഷ്ണുത വേണമെന്നും ഫണ്ട് കുറച്ചതിൻ്റെ ആശങ്ക ചെയർമാൻമാരുടെ ചേംബർ സർക്കാരിൽ അറിയിച്ചിട്ടുണ്ടെന്നും ചെയർമാൻ മറുപടി നൽകി. സിഎഫ്സി ഫണ്ട് ചിലവഴിക്കുന്നതിൽ എല്ലാ വാർഡുകൾക്കും തുല്യ പരിഗണന വേണമെന്ന് ബിജെപി അംഗം ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു

Please follow and like us: