ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ അടുത്ത മാസം ആരംഭിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. 2026 ഒക്ടോബർ മുതൽ 2027 ഫെബ്രുവരി വരെ വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് നവതി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ടൗൺ ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 90 വർഷത്തെ പ്രവർത്തനങ്ങളും വികസന മുന്നേറ്റങ്ങളും ജനകീയ പങ്കാളിത്തവും അടയാളപ്പെടുത്തുന്നതിനോടൊപ്പം നഗരത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സഹായകമാകുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി ചെയർമാൻ അറിയിച്ചു. യോഗത്തിൽ പ്രോഗ്രാം കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി നവതി ആഘോഷ പരിപാടിയുടെ രൂപരേഖയും പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ,
പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, കൗൺസിലർമാരായ ടി.കെ. ഷാജുട്ടൻ, പ്രസാദ് കെ.എസ്, മുൻ നഗരസഭ ചെയർപേഴ്സൺമാരായ സോണിയ ഗിരി, സുജ സഞ്ജീവ് കുമാർ,
നഗരസഭ സെക്രട്ടറി ഇൻ ചാർജ് സന്തോഷ് കുമാർ ആർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ടി.എ. പോൾ, റോണി പോൾ മാവേലി, മിനി ജോസ് ചാക്കോള, പ്രവീൺസ് ഞാറ്റുവെട്ടി എന്നിവർ പങ്കെടുത്തു. വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ സ്വാഗതവും നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വി.സി. വർഗീസ് നന്ദിയും പറഞ്ഞു.















