സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടിയിലധികം രൂപ; നഗരസഭ ബസ് സ്റ്റാൻ്റ് ആധുനികരീതിയിൽ നിർമ്മിക്കാൻ 10 കോടി രൂപ
തൃശ്ശൂർ: നഗരസഭാ ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നിർമ്മിക്കാൻ 10 കോടി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 50 കോടി, ആളൂരിൽ സർക്കാർ കോളേജ്, സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു.
ആനന്ദപുരത്ത് സ്മാർട്ട് വില്ലേജ് ഓഫീസ്, ആളൂർ കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ നവീകരണം, നടവരമ്പ് ചിറ വളവ് നേരേയാക്കൽ, നഗരസഭയിലെ വിവിധ റോഡുകൾ പുനർ നിർമ്മിക്കൽ, ആളൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം, നന്തി കനാൽ പാലം-സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം, കാട്ടൂർ സി എച്ച് സി ക്ക് പുതിയ കെട്ടിടം, ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് വീതി കൂട്ടി നിർമ്മിക്കൽ, ആളൂർ കദളിച്ചിറ ഡെസ്റ്റിനേഷൻ ടൂറിസം, ഇരിങ്ങാലക്കുട വെറ്റിറനറി ആശുപത്രിക്ക് പുതിയ കെട്ടിടം, ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമ്മാണം, ഇരിങ്ങാലക്കുട പൊതുമരാമത്ത് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ റാമ്പ്, ടൈൽ വിരിക്കൽ, ഊരകം – കോമ്പാറ റോഡ് ബി എം ബി സി നിലവാരത്തിൽ പുനർ നിർമ്മിക്കൽ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ചുറ്റുമതിൽ നിർമ്മാണം, നടവരമ്പ് വി എച്ച് എസ് ഇ ക്ക് പുതിയ കെട്ടിടം, ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാൻ &സി ടി സ്കാൻ, പടിയൂർ പഞ്ചായത്തിലെ കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം, കരുവന്നൂർ പുഴ ഇല്ലിക്കൽ പ്രദേശത്ത് സൈഡ് കെട്ടൽ, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണവും ആധുനികവൽക്കരണവും, നന്തി കരുവന്നൂർ പുഴ കെ എൽ ഡി സി ടൂറിസം, പെരുവല്ലിപ്പാടം വീതിക്കൂട്ടി പുനർ നിർമ്മാണം, ഔണ്ടർച്ചാൽ പാലം നിർമാണം, ഗവ ഗേൾസ് സ്കൂളിൽ പുതിയ കെട്ടിടം, തുടങ്ങി നിരവധി പ്രവർത്തികൾക്കായി പുതിയ ബജറ്റിൽ 300 കോടിയോളം രൂപയാണ് ഉൾ ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മുഴുവൻ പ്രവർത്തികളും ഇത്തവണത്തെ ബജറ്റിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.















