എടതിരിഞ്ഞി വില്ലേജിലെ ന്യായവില വിഷയം; ജനുവരി 9ന് ജില്ലാതലസമിതി യോഗം ചേരുമെന്ന് അധികൃതർ; അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത് അധികൃതർ
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയത്തിൽ ജനുവരി 9 ന് ജില്ലാതല സമിതി ചേരുമെന്ന് അറിയിച്ച് റവന്യൂ ഉദ്യോഗസ്ഥർ.ന്യായവില പുനർനിർണയിച്ച് കൊണ്ടുള്ള കരട് തയ്യാറായിട്ടുണ്ടെങ്കിലും ജില്ലാതല സമിതി ചേർന്ന് അംഗീകാരം നൽകാഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ കരട് വിജ്ഞാപനം നീളുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഇനി കാലതാമസം ഉണ്ടാകരുതെന്നും അടിയന്തരമായി നടപടികൾ പൂർത്തിയാക്കണമെന്നും പടിയൂർ പഞ്ചായത്ത് കെ പി കണ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു.
കാറളം പഞ്ചായത്തിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം വീണ്ടും യോഗത്തിൽ ചർച്ചാവിഷയമായി. 72 ഗുണഭോക്താക്കൾക്ക് ഗുണകരമാകുന്ന ഫ്ലാറ്റ് സമുച്ചയം അഞ്ച് വർഷമായിട്ടും ആരംഭിച്ചിട്ടില്ലെന്ന വിഷയം താലൂക്ക് വികസന സമിതിയിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന വിഷയം കൂടിയാണ് . എന്നാൽ ലൈഫ് മിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആരും യോഗത്തിന് എത്തിയിരുന്നില്ല. അടുത്ത യോഗത്തിന് മുമ്പായി ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ അറിയിക്കാൻ ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ യോഗം നിർദ്ദേശം നൽകി.
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നിലനിന്നിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുകൊടുക്കാനുള്ള വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടുന്നുണ്ടെന്നും കാര്യങ്ങൾ നടന്ന് വരികയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ യോഗത്തിൽ വ്യക്തമാക്കി. നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് അടച്ചിടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നതെന്നും പരാതി പെട്ടി ഇത് വരെ സ്ഥാപിച്ചിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. താലൂക്ക് ആശുപത്രിയിലെ നാലാം നിലയിലെ സിവിൽ പ്രവ്യത്തികൾ പൂർത്തീകരിക്കാൻ ഐഒസി യുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 94. 8 ലക്ഷം രൂപ അനുവദിച്ചതായുള്ള കത്ത് എംപി ഓഫീസിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണെന്നും പുതിയ ഭരണ സമിതി ഇക്കാര്യത്തിൽ അടിയന്തര യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. 32 സർവീസുകൾ ഉണ്ടെങ്കിൽ മാത്രമേ ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻ്റിനെ സബ് ഡിപ്പോയായി ഉയർത്താൻ കഴിയുകയുള്ളൂവെന്നും നിലവിൽ 17 സർവീസുകൾ മാത്രമാണ് ഉള്ളതെന്നും യോഗത്തിൽ വിശദീകരിച്ചു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർ എത്താതിരിക്കുന്നത് വീണ്ടും യോഗത്തിൽ വിമർശന വിഷയമായി. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ എടുക്കേണ്ടി വരുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അറിയിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് മനു, ശിവൻ, തൃശ്ശൂർ എം പി യുടെ പ്രതിനിധി
കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം പി യുടെ പ്രതിനിധി എ ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആൻ്റോ പെരുമ്പിള്ളി, കാർത്തികേയൻ, സി യു പ്രിയൻ, സാം തോംസൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ പി രമേശ് സ്വാഗതം പറഞ്ഞു.















