എടതിരിഞ്ഞി വില്ലേജിലെ ഫെയർവാല്യു പ്രശ്നം; കരട് വിജ്ഞാപനം നവംബർ 10 ന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന ഉറപ്പ് നടപ്പിലായില്ല

എടതിരിഞ്ഞി വില്ലേജിലെ ഫെയർവാല്യു പ്രശ്നം; കരട് വിജ്ഞാപനം നവംബർ പത്തിന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന ഉറപ്പ് നടപ്പിലായില്ല.

 

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു പുനർനിർണ്ണയിക്കാനുള്ള നടപടികൾ നീളുന്നു. ഫെയർ വാല്യു പുനർനിർണ്ണയിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം 2025 നവംബർ 10 ന് മുൻപായി പ്രസിദ്ധപ്പെടുത്തുമെന്ന് 2025 നവംബർ 2 ന് ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്ന് പൊതുജനങ്ങൾക്കും ഭൂവുടമകൾക്കും അപേക്ഷ ബോധിപ്പിക്കാൻ 60 ദിവസം നൽകുമെന്നും ഇതിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമെന്നും തദ്ദേശതിരഞ്ഞെടുപ്പും പെരുമാറ്റചട്ടവും നടപടികളെ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ എടതിരിഞ്ഞി വില്ലേജിലെ നാലായിരത്തോളം വരുന്ന ഭൂവുടമകളെ ബാധിക്കുന്ന വിഷയത്തിൽ കരട് വിജ്ഞാപനം ഇത് വരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കരട് തയ്യാറായിട്ടുണ്ടെന്നും ജില്ലാ ഭരണകൂടവും മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും അടങ്ങുന്ന ജില്ല തല കമ്മിറ്റി കരട് അംഗീകരിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ നവംബർ 15 ന് ചേരാൻ തീരുമാനിച്ചിരുന്ന യോഗം ചേരാൻ കഴിഞ്ഞില്ലെന്നും തുടർന്ന് പെരുമാറ്റ ചട്ടം നിലവിൽ വന്നതാണ് നടപടികൾ നീളാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 2010 ൽ നിർണ്ണയിച്ച ന്യായ വില താലൂക്കിലെ വില്ലേജുകളിൽ ഏറ്റവും ഉയർന്ന ഫെയർ വാല്യുവാണെന്നും രണ്ടര സെൻ്റിന് 19.5 ലക്ഷം വരെ നിർണ്ണയിച്ചതായും വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് അദാലത്ത് സംഘടിപ്പിച്ചുവെങ്കിലും നാനൂറോളം പേർ മാത്രമാണ് അദാലത്തിൽ അപേക്ഷ നൽകിയത്. തുടർന്നാണ് വില്ലേജിലെ മുഴുവൻ സർവേ നമ്പരുകൾക്കും ഭൂവുടമകൾക്കും ബാധകമാക്കുന്ന നിലയിൽ ഫെയർ വാല്യു പുനർനിർണ്ണയിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നത്. ന്യായവില പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം ജൂണിൽ എടതിരിഞ്ഞി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ റവന്യൂ മന്ത്രിയും വ്യക്തമാക്കിയിരുന്നു . ന്യായവില പുനർനിർണയിക്കാൻ ആർഡിഒ വിനെ തുടർന്ന് ജില്ലാ ഭരണകൂടവും ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ആരംഭിച്ച നടപടികളാണ് ജില്ലാതല കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്ന കാരണത്തിൻ്റെ പേരിൽ നീളുന്നത്.

Please follow and like us: