ഭിന്നശേഷിക്കാരുടെ ദേശീയതലത്തിലുള്ള കലാസംഗമം ഡിസംബർ 1, 2, 3 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ
ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ ദേശീയതലത്തിലുള്ള കലാസംഗമത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഡിസംബർ 1, 2, 3 തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാ സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 30 സ്കൂളുകളിൽ നിന്നുള്ളവരെ കൂടാതെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ഓളം വിദ്യാർഥികളും കലാസംഗമത്തിൽ പങ്കെടുക്കും. വൈസ്- പ്രിൻസിപ്പൽ ഡോ കെ ജെ വർഗ്ഗീസ് , സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ മൂവീഷ് മുരളി, അധ്യാപകരായ പ്രിയ വി ബി , സിജി സി എൽ, ഡോ ദിനി നിവേദ്യ, നസീറ സി എസ് , സൗമ്യ പി എസ്, വന്ദന വി എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















