ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ; ആദ്യഘട്ട പ്രചരണത്തിൽ സജീവമായി സ്ഥാനാർഥികൾ
തൃശ്ശൂർ : ആദ്യഘട്ട പ്രചരണ പരിപാടികളിൽ സജീവമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ സ്ഥാനാർഥികൾ. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളിലെ 45 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മുരിയാട് ഡിവിഷനിൽ ഉള്ളത്. മുരിയാട് പഞ്ചായത്തിൽ 5 തൊട്ട് 18 വരെയുള്ള വാർഡുകളും വേളൂക്കരയിൽ 1 മുതൽ 11 വരെയും 18, 19 വാർഡുകളും പൂമംഗലത്ത് 1 മുതൽ 4 വരെയും 9, 12 , 13 , 14 വാർഡുകളും പറപ്പൂക്കരയിൽ 1 , 16 , 17 , 18 , 19 വാർഡുകളും വെളളാങ്ങല്ലൂരിൽ 1, 2, 3 ,4 , 6 വാർഡുകളുമാണ് മുരിയാട് ഡിവിഷനിൽ ഉള്ളത്. 70000 മാണ് ഡിവിഷനിലെ ജനസംഖ്യ. മുരിയാട് ഡിവിഷനിൽ നിലവിലെ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയെയാണ് ഡിവിഷൻ നിലനിറുത്താൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളത്. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്ന് വന്ന ജോസ് ജെ ചിറ്റിലപ്പള്ളി പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സിപിഎം എരിയ കമ്മിറ്റി അംഗമാണ്. മുരിയാട് പഞ്ചായത്തിൽ ചിറയോരം ടൂറിസം, കെഎസ്ആർടിസി ഗ്രാമവണ്ടി, മൊബൈൽ ക്രിമിറ്റോറിയം തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ച ഭരണ സമിതിക്ക് നേതൃത്വം നൽകിയ ജോസ് ജെ ചിറ്റിലപ്പിള്ളി പുതിയ കാലത്തിന് അനുസ്യതമായ വികസന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനും പഞ്ചായത്തുകളുടെ വികസന പദ്ധതികളിൽ ഇടപെടാനും ശ്രമിക്കുമെന്ന വാക്കുകളോടെയാണ് വോട്ടർമാരെ സമീപിക്കുന്നത്.
കെഎസയുവിലൂടെയും യൂത്ത് കോൺഗ്രസ്സിലൂടെയും രാഷ്ട്രീയ രംഗത്ത് സജീവമായ നിലവിലെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായ അഡ്വ ശശികുമാർ ഇടപ്പുഴയെയാണ് ഡിവിഷൻ പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റി വച്ച് എല്ലാ പഞ്ചായത്ത് പ്രതിനിധികൾക്കും ഫണ്ട് തുല്യമായി നൽകാൻ ശ്രമിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു.
എബിവിപി തൃശ്ശൂർ കേരളവർമ്മ കോളേജ് യൂണിറ്റ് സെക്രട്ടറി, യുവമോർച്ച സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ സെക്രട്ടറി എൻ ആർ റോഷനെയാണ് ഡിവിഷൻ്റെ പ്രതിനിധിയാകാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്നും അമൃത് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സമഗ്രമായ മാറ്റം കൊണ്ട് വരാൻ കഴിയുമെന്നും സ്ഥാനാർഥി വോട്ടർമാരോട് ചൂണ്ടിക്കാണിക്കുന്നു.
ബിഎസ്പി സ്ഥാനാർഥി സുബ്രമണ്യൻ പറമ്പത്ത്, ആം ആദ്മി സ്ഥാനാർഥി ഷിബിൻ കെ എസ് എന്നിവരും മൽസരരംഗത്തുണ്ട്.















