ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളായി; മുരിയാട് ഡിവിഷനിൽ ജോസ് ജെ ചിറ്റിലപ്പിള്ളിയും കാട്ടൂരിൽ ടി കെ സുധീഷും ആളൂരിൽ രാഗി ശ്രീനിവാസനും വെള്ളാങ്ങല്ലൂരിൽ സി ബി ഷക്കീല ടീച്ചറും സ്ഥാനാർഥികൾ.
തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. മുരിയാട് ഡിവിഷനിൽ സ്ഥാനാർഥിയായി ജോസ് ജെ ചിറ്റിലപ്പിള്ളി മൽസരിക്കും. നിലവിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ്. എസ്എഫ്ഐ യിലൂടെ പൊതുരംഗത്തേക്ക് വന്ന ജോസ് ജെ ചിറ്റിലപ്പിള്ളി ഡിവൈഎഫ് ബ്ലോക്ക് ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട് . പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ഇരിങ്ങാലക്കുട എരിയ കമ്മിറ്റി അംഗമാണ്.
കാട്ടൂർ ഡിവിഷൻ നമ്പർ 18 ൽ ടി കെ സുധീഷാണ് എൽഡിഎഫ് സ്ഥാനാർഥി. എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് വന്ന സുധീഷ് എഐവൈഎഫിൻ്റെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്നു. 2000- 2005 കാലയളവിൽ കാറളം പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. സിപിഐ യുടെ ഇരിങ്ങാലക്കുട, കയ്പമംഗലം മണ്ഡലങ്ങളുടെ സെക്രട്ടറി ആയിരുന്നു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമാണ്.
ആളൂർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന രാഗി ശ്രീനിവാസൻ നിലവിൽ ആളൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സനാണ്. സിപിഎം തുരുത്തിപ്പറമ്പ് ബ്രാഞ്ച് മെമ്പറാണ്.
വെള്ളാങ്ങല്ലൂർ ഡിവിഷനിൽ എൽഡിഎഫിലെ സിപിഎം സ്ഥാനാർഥിയായി സി ബി ഷക്കീല ടീച്ചർ മൽസരിക്കും. ദീർഘകാലം അധ്യാപന രംഗത്ത് പ്രവർത്തിച്ച സി ബി ഷക്കീല ടീച്ചർ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള ജില്ലാ തല അവാർഡും മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും ജില്ലാ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ മികച്ച ഗൈഡ് ക്യാപ്റ്റൻ പദവിയും നേടിയിട്ടുണ്ട്. മൂന്ന് വർഷം എൻഎസ്എസ് സംസ്ഥാന ഉപദേശകസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.















