ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി തുടങ്ങി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി; ലഭ്യമാക്കുന്നത് മുപ്പത് ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ

 

ഇരിങ്ങാലക്കുട : കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നൂറ് നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും. നിയോജക മണ്ഡലത്തിലെ സമഗ്രകാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾ, രണ്ട് വൻകിട കൂൺ ഉത്പാദക യൂണിറ്റ്, മൂന്ന് കൂൺ സംസ്കരണ യൂണിറ്റ്, ഒരു കൂൺ വിത്ത് ഉത്പാദക യൂണിറ്റ് , രണ്ട് പാക്ക് ഹൗസുകൾ, 10 കമ്പോസ്റ്റ് ഉൽപാദക യൂണിറ്റുകൾ എന്നിവ ചേർന്നതാണ് ഒരു കൂൺ ഗ്രാമം. കൂൺ ഗ്രാമം ഒന്നിന് 30.25 ലക്ഷം രൂപയുടെ സഹായമാണ് സർക്കാർ ലഭ്യമാക്കുന്നത്.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. തൃശൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ്‌ ഹാരിസ് പി.കെ പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി.’ശാസ്ത്രീയ കൂൺ കൃഷി പരിപാലനം’ എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി എം ഹിമ സെമിനാർ അവതരിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത,ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ.എം, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. ബി അജിത്ത്, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. കെ സ്മിത, ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: