കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ദേവസ്വം റിക്രൂട്ട്മെൻ്റ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി; വിധിയിൽ സന്തോഷമുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും പ്രതികരിച്ച് അനുരാഗ് ; തീരുമാനമെടുക്കാൻ നാളെ ദേവസ്വം ഭരണസമിതി യോഗം ചേരുന്നു.

 

തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമനം നടത്തിയത് ചോദ്യം ചെയ്ത് കൊണ്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി വി ഹരികൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ആദ്യം നിയമിതനായ ബി എ ബാലു രാജി നൽകിയതിനെ തുടർന്നാണ് റാങ്ക് ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ കെ എസ് അനുരാഗിനെ റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചത്. കഴക നിയമനം പാരമ്പര്യവകാശമാണെന്ന ഹർജിക്കാരുടെ വാദം സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹർജിക്കാർക്ക് തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചേർത്തല കളവങ്കോട് സ്വദേശി സുനീഷിൻ്റെയും ഷീബയുടെയും മകനാണ് അനുരാഗ്. നിയമന ഉത്തരവ് കിട്ടിയാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് നേരത്തെ തന്നെ അനുരാഗ് വ്യക്തമാക്കിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്നും ദേവസ്വത്തിൽ നിന്നും അഡ്വൈസ് മെമ്മോ ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും അനുരാഗ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ഹർജിക്കാരനായ അനുരാഗിന് വേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ ഹാജരായി. അതേ സമയം വിഷയത്തിൽ തീരുമാനമെടുക്കാൻ നാളെ 10.30 ന് ഭരണസമിതി യോഗം ചേരുമെന്നും ദേവസ്വം അഭിഭാഷകൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും ഇത് അനുസരിച്ചായിരിക്കും തുടർ നടപടികൾ എന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: