ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ തെറ്റായ ദിശയിൽ വന്ന ബസിടിച്ച് ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ച കേസിൽ ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; ഡ്രൈവർ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട ഠാണാവ് ഭാഗത്ത് നിന്ന് ഓടിച്ച് വന്നിരുന്ന ബൈക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ എത്തി റോഡിന് കിഴക്ക് വശത്തേക്ക് തിരിയുന്നതിനായി നിൽക്കുമ്പോൾ തൃശ്ശൂർ ഭാഗത്ത് നിന്ന് വന്ന് മഹാദേവ എന്ന പേരുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡിന്റെ പടിഞ്ഞാറ് വശം ട്രാക്കിലൂടെ തെറ്റായ സൈഡിലൂടെ വന്ന് ബൈക്കിൽ ഇടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ ആളൂർ സ്വദേശി സലസ്റ്റിന് (33) എതിരെ കേസ് എടുത്തു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം.ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം വീൽ ഒടിഞ്ഞും ഇന്റിക്കേറ്ററിന് കേടുപാടുകൾ സംഭവിച്ചും 15000/- രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ബസ്സ് പോലീസ് കസ്റ്റഡിയിൽ എടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം ബസ് കോടതിയിൽ ഹാജരാക്കും.ഈ കേസിലെ പ്രതിയായ സലസ്റ്റിൻ ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2016 ൽ 1768 ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന കേസിലും, 2021 ൽ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും, 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും പ്രതിയുമാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ്.എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കുന്ന ബസുകൾക്കെതിരെയും ബസ് ഉടമകൾക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി .കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.